സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവം: ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം
കൊണ്ടോട്ടി: മോങ്ങത്തുനിന്നു സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിനു മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തൃശൂര്‍ റെയ്ഞ്ച് ഐ.ജിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സംഘത്തില്‍ കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫയും ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളും ഉള്‍പ്പെടും. ഇവരുടെ നേതൃത്വത്തില്‍ പൂക്കോട്ടൂര്‍ മൈലാടിയിലുള്ള വീട്ടില്‍ പരിശോധന നടത്തി.
കേസിലെ സൂത്രധാരന്‍ മോങ്ങത്തെ ഗോഡൗണ്‍ ഉടമയെന്നു സംശയിക്കുന്ന ആലത്തുര്‍പടി സ്വദേശി ബാസിത്തിനെ പിടികൂടാനായിട്ടില്ല. ഇയാളുടെ മോങ്ങം, ആലത്തൂര്‍പടി എന്നിവിടങ്ങളിലെ വീടുകളില്‍ പൊലിസ് പരിശോധന നടത്തി. ഇയാളെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രതി വിദേശത്തേക്കു കടക്കുന്നതു തടയാനും നിരീക്ഷണം ശക്തമാക്കി. ബാസിത്തിനെ കൂടാതെ മജീദ് എന്നയാളെയും പൊലിസ് അന്വേഷിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്ന ട്രക്ക് ഡ്രൈവര്‍ ജോര്‍ജിനെ ഏര്‍പ്പാടാക്കിനല്‍കിയതു മജീദാണെന്ന നിഗമനത്തിലാണ് പൊലിസ്.
അതേസമയം, പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ച സ്‌ഫോടകവസ്തുക്കള്‍ ഇതുവരെ മാറ്റിയിട്ടില്ല. മാറ്റാന്‍ കോടതി ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കിലും ഉത്തരവ് കൈയില്‍ കിട്ടാത്തതാണ് ഇതിനു കാരണം. ജൈവ വളത്തിന്റെ മറവില്‍ കടത്തിയ ഏഴു ടണ്‍ അത്യുഗ്ര സ്‌ഫോടകവസ്തുക്കളാണ് കൊണ്ടോട്ടി പൊലിസ് സ്റ്റേഷനില്‍ കിടക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ ലൈസന്‍സുള്ള കരിങ്കല്‍ ക്വാറികളിലെ സുരക്ഷിത മേഖലയിലേക്ക് ഇവ മാറ്റാനാണ് നിര്‍ദേശമുള്ളത്. ഇതു വില്‍ക്കണോ നിര്‍വീര്യമാക്കണോയെന്നു പിന്നീട് തീരുമാനിക്കും.
ബുധനാഴ്ചയാണ് മോങ്ങത്തെ മര ഗോഡൗണില്‍നിന്നും ലോറിയില്‍നിന്നും സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കാസര്‍കോട് സ്വദേശി ജോര്‍ജ് (40), കര്‍ണാടക സ്വദേശി ഹക്കീം (32) എന്നിവരെ സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ വിഷ്ണു പവര്‍ കമ്പനിയില്‍നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചിരിക്കുന്നത്. കരിങ്കല്‍ ക്വാറികളിലും മാറ്റും ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളാണെങ്കിലും ഇത്ര വലിയ ശേഖരത്തിനു പിന്നില്‍ മറ്റു സഹായികളുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."