നാലാം ടെസ്റ്റ്: ഭേദപ്പെട്ട തുടക്കമിട്ട് ദക്ഷിണാഫ്രിക്ക
ജൊഹന്നാസ്ബര്‍ഗ്: പന്ത് ചുരണ്ടി നാണക്കേടിന്റെ പടുകുഴിയില്‍ വീണ് അഭിമാനം വീണ്ടെടുക്കാന്‍ ഒരുങ്ങിയിറങ്ങിയ ആസ്‌ത്രേലിയക്ക് തിരിച്ചടി തുടരുന്നു. നാലാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെന്ന നിലയില്‍. കളി അവസാനിപ്പിച്ചപ്പോള്‍ 25 റണ്‍സുമായി ടെംബ ബവുമയും ഏഴ് റണ്‍സുമായി ക്വിന്റന്‍ ഡി കോക്കുമാണ് ക്രീസില്‍.
പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്, ഓപണറും വൈസ് ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍, ഓപണര്‍ ബെന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് വിലക്കടക്കമുള്ള കടുത്ത ശിക്ഷയേല്‍ക്കേണ്ടി വന്നതിന്റെ ആഘാതം മാറും മുന്‍പാണ് ഓസീസ് നാലാം ടെസ്റ്റിനായി ഇറങ്ങിയത്. മത്സരത്തിന് തൊട്ടുമുന്‍പ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പരുക്കേറ്റതും അവര്‍ക്ക് ഇരട്ട പ്രഹരമായി. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നില്‍ നില്‍ക്കുന്നു. ഈ ടെസ്റ്റില്‍ വിജയിച്ചാല്‍ ആതിഥേയര്‍ക്ക് ഇടവേളയ്ക്ക് ശേഷം ഓസീസിനെതിരേ സ്വന്തം നാട്ടില്‍ പരമ്പര നേട്ടമെന്ന പെരുമ സ്വന്തമാക്കാം. മത്സരം സമനിലയില്‍ അവസാനിച്ചാലും ദക്ഷിണാഫ്രിക്കയ്ക്കാണ് സാധ്യത.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഓപണര്‍ എയ്ഡന്‍ മാര്‍ക്രം പൊരുതി നേടിയ സെഞ്ച്വറി (152)യുടെ മികവിലാണ് മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. മുന്‍ ക്യാപ്റ്റന്‍ ഡിവില്ല്യേഴ്‌സ് അര്‍ധ സെഞ്ച്വറിയുമായി (69) മാര്‍ക്രത്തിന് പിന്തുണ നല്‍കി. ഇരുവരേയും പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ആദ്യ ദിവസത്തിന്റെ അവസാന ഘട്ടത്തില്‍ ഓസീസിന് സാധിച്ചു. മാര്‍ക്രത്തെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ആസ്‌ത്രേലിയയെ മത്സരത്തിലേക്ക് മടക്കി എത്തിച്ചത്. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിനെ ഗോള്‍ഡന്‍ ഡക്കില്‍ കൂടാരം കയറ്റി ദക്ഷിണാഫ്രിക്കയ്ക്ക് തുടരെ പ്രഹരം നല്‍കാനും കമ്മിന്‍സിനായി. താരത്തിന് ഹാട്രിക്ക് നേടാന്‍ സാധിച്ചില്ല. കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആസ്‌ത്രേലിയക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ചാഡ് സയേര്‍സിന്റെ രണ്ട് വിക്കറ്റ് വീഴ്ത്തിയ മികവും അവര്‍ക്ക് തുണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."