ഒടുവില്‍ മലാല ജന്മനാട്ടില് കാലുകുത്തി
ഇസ്ലാമാബാദ്: ഒടുവില്‍ ആ ദിനവും വന്നെത്തി. താന്‍ കളിച്ചുവളര്‍ന്ന മണ്ണില്‍ മലാല യൂസുഫ് സായി വീണ്ടും കാലുകുത്തി. നൊബേല്‍ ജേതാവായ മലാലയ്ക്ക് ഏറെ കാത്തിരുന്ന ദിനമായിരുന്നു ഇന്നലെ. ജന്മനാടായ സ്വാത് താഴ്വരയിലും ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് വെടിയേറ്റുവീണ ഭൂമിയിലും മലാല കുടുംബത്തോടൊപ്പം കാലുകുത്തി.
സ്വാത്തില്‍ സ്കൂളിലും മറ്റും മലാലയ്ക്കു സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇസ്ലാമാബാദില്‍നിന്ന് പ്രത്യേക ഹെലികോപ്ടറിലാണു ജന്മനാട്ടിലെത്തിയത്. ഇവിടെ പൗരാവലി ഊഷ്മളമായ സ്വീകരണം നല്കി. നഗരത്തിലെ ഒരു ബോയ്സ് സ്കൂളില്‍ നല്കിയ സ്വീകരണത്തില്‍ മലാല കുട്ടികളെ അഭിസംബോധന ചെയ്തു.
അതേസമയം, ഇവിടെനിന്ന് അധികം അകലെയല്ലാത്ത മിന്ഗോറയിലെ വീട് ഇന്നലെ അവര്‍ സന്ദര്‍ശിച്ചിട്ടില്ല. കനത്ത പൊലിസ് സുരക്ഷയായിരുന്നു മലാലയുടെ വരവു പ്രമാണിച്ച് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ മലാലയുടെ യാത്രാ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ജന്മനാടായ സ്വാത്തിലെത്തുന്ന കാര്യവും വ്യക്തമല്ലായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം വ്യാഴാഴ്ചയാണ് മലാലയും കുടുംബവും ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. സന്ദര്‍ശനം നാലു ദിവസം നീണ്ടുനില്‍ക്കുമെന്നാണു കരുതപ്പെടുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ശഹീദ് കഖാന് അബ്ബാസി, സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്വ തുടങ്ങിയ മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളുമായി അവര്‍ കൂടിക്കാഴ്ച നടത്തി. ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ മലാലയ്ക്കു സ്വീകരണമൊരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."