രണ്ട് വയസുകാരന് രക്ഷകനായി പൊലിസുകാരന്; നന്ദിയോടെ കുടുംബം
കളമശ്ശേരി: രാത്രി റെയില്‍പാളത്തിന് സമീപത്ത് കൂടി ദിക്കറിയാതെ അലഞ്ഞ രണ്ട് വയസുകാരന് രക്ഷകനായി പൊലിസുകാരന്. കളമശേരി റയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അജിത്തിന്റയും മഞ്ജുവിന്റെയും മകനായ ദേവനാരായണനാണ് വെള്ളിയാഴ്ച രാത്രി വീട്ടില്‍ നിന്നും ഇറങ്ങി റയില്‍വേ പാളത്തിനരികിലൂടെ ദിക്ക് തെറ്റി നടന്നു പോയത്. മലപ്പുറം കരുവരക്കുണ്ട് കേരള ആന്റി ടെറര്‍ സ്ക്വാഡിലെ കെ.എ.പി-5 ബറ്റാലിയണ് അംഗമായ ഇ.വി അനീഷാണ് കുഞ്ഞിനെ പാളത്തിനരികില്‍ കണ്ടത്. വിവരം കളമശ്ശേരി പൊലിസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ പ്രസന്നനും സി.പി.ഒമാരായ അനിലും നിയാസും ചേര്‍ന്ന് കുഞ്ഞിന് സുരക്ഷിതമായി അമ്മയുടെ കൈകളില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വൈക്കത്തുള്ള ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു കാഞ്ഞിരപ്പിള്ളി സ്വദേശി അനീഷ്. നിലമ്പൂര്‍ എറണാകുളം പാസഞ്ചറിലെ അവസാന കംപാര്‍ട്ടമെന്റിലായിരുന്നു ഇദ്ദേഹം യാത്ര ചെയ്തിരുന്നത്. ആന്റി ടെറര്‍ സ്ക്വാഡില്‍ ആയതുകൊണ്ട് നിരീക്ഷണം അല്പം കൂടുതലാണ്. അതിനുള്ള പരിശീലനവും ലഭിച്ചിട്ടുണ്ട്. ഈ നിരിക്ഷണം തന്നെയാണ് വെള്ളിയാഴ്ച്ച രാത്രി ദേവനാരായണനെ അനീഷിന്റെ ദൃഷ്ടിപഥത്തില്‍ എത്തിച്ചത്.
തീവിണ്ടി ഓടിക്കൊണ്ടിരിക്കുന്നതിനാല്‍ ഒരു മിന്നായം പോലെയാണ് കുട്ടിയെ കണ്ടത്. കുഞ്ഞിനെ ഉപേക്ഷിച്ച് ആരെങ്കിലും ആത്മഹത്യ ചെയ്യാനെത്തിയതാണോ എന്നതായിരുന്നു സംശയം. പുറത്ത് നോക്കിയപ്പോള്‍ അപ്പോളോ ടയേഴ്സിന്റെ ബോര്‍ഡ് കണ്ടത്. അപ്പോള്‍ തന്നെ സ്ഥലം കളമശ്ശേരി ആണെന്ന് മനസിലാക്കുകയും ഇന്റര്‍നെറ്റില്‍ നിന്നും പൊലിസ് സ്റ്റേഷന് നമ്പര്‍ ക്ഷണനേരം കൊണ്ട് കണ്ടുപിടിച്ച് വിളിച്ച് കാര്യം പറയുകയായിരുന്നു. ഇന്നലെ രാവിലെ സ്റ്റേഷനില്‍ വീണ്ടും വിളിച്ച് കുട്ടിയുടെ കാര്യം അന്വേഷിച്ചു. കുട്ടി സുരക്ഷിതനായി മാതാപിതാക്കള്ക്കൊപ്പമുണ്ട് എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അനീഷ് പറഞ്ഞു നിര്‍ത്തി.
അതേസമയം, വെള്ളിയാഴ്ച്ച ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്ന കുഞ്ഞ് താഴേക്കിറങ്ങി പോകുന്നത് കണ്ടില്ലെന്ന് കുഞ്ഞിന്റെ അമ്മ മഞ്ജു പറഞ്ഞു. കുഞ്ഞിനെ കാണാതായ അടുത്ത നിമിഷം തന്നെ തേടിയിറങ്ങി. വെളിച്ചമുള്ള സ്ഥലത്തേക്കാകും അവന് പോയതെന്ന് താന്‍ കരുതി. അതിനിടെയാണ് കുഞ്ഞിനെ വീണ്ടുകിട്ടിയത്. തീവണ്ടിയില്‍ നിന്നും വിവരം പൊലിസിനെ അറിയിച്ചയാള്‍ ഞങ്ങള്‍ക്ക് ഈശ്വരതുല്യനാണെന്നും വിവാഹം കഴിഞ്ഞ് ആറുവര്‍ഷത്തിന് ശേഷം ജനിച്ച ദേവനാരായണനെ ചേര്‍ത്ത് പിടിച്ച് മഞ്ജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."