ചെങ്കല്ക്വാറിക്ക് അനുമതി: വില്ലേജ് അസിസ്റ്റന്റിനെ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തു
ഇരിട്ടി: വില്ലേജ് ഓഫിസറുടെ പേരില്‍ വ്യാജ ഒപ്പിട്ട് ചെങ്കല്ക്വാറിക്ക് അനുമതി നല്കിയ കല്ല്യാട് വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റിനെ ജില്ലാ കലക്ടര്‍ സര്‍വിസില്‍നിന്നു സസ്പെന്റ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് പായത്തെ എം. ജയരാജനെ(37) നെയാണ് സസ്പെന്റ് ചെയ്തത്. വില്ലേജ് ഓഫിസറുടെ പരാതിയിലായിരുന്നു നടപടി.
കൊല്ലം ജില്ലക്കാരനായ വില്ലേജ് ഓഫിസര്‍ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ സ്വകാര്യ വ്യക്തിക്ക് ചെങ്കല്‍ക്വാറി തുടങ്ങാനുള്ള സ്ഥലത്തിന്റെ പ്ലാനും സ്കെച്ചും വില്ലേജ് ഓഫിസറുടെ പേരില്‍ കള്ളയൊപ്പിട്ട് നല്‍കിയെന്നാണ് പരാതി. വില്ലേജ് ഓഫിസറുടെ പരാതിയില്‍ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെയാണ് സര്‍വിസില്‍നിന്നു സസ്പെന്റ് ചെയ്തത്.
വ്യാജരേഖ ഉണ്ടാക്കിയതിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ആരോപണമുണ്ട്. ഇത്തരത്തില്‍ നേരത്തെയും വ്യാജ രേഖയുണ്ടാക്കിയിട്ടുണ്ടോയെന്ന് റവന്യൂസംഘം പരിശോധിക്കും. കല്ല്യാട് വില്ലേജിലെ ചില ഭാഗങ്ങളില്‍ ചെങ്കല്‍ ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ മേഖലയില്‍ അധികൃതരുടെ ഒത്താശയോടെയാണ് ചെങ്കല്‍ ഖനനം നടക്കുന്നത്. കല്ല്യാട്ടെ മിച്ചഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാലാണ് മേഖലയില്‍ ചെങ്കല്‍ ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. കൂടാതെ മിച്ചഭൂമി വ്യാപകമായി കൈയേറി അനധികൃത ഖനനവും വ്യാപകമായിരുന്നു. സര്‍ക്കാറിന്റെ കൈവശമുള്ള 200ല്‍ ലധികം ഏക്കര്‍ സ്ഥലങ്ങളില്‍ ഭൂരിഭാഗവും ചെങ്കല്ക്വാറികളായി മാറിക്കഴിഞ്ഞു. വില്ലേജ് അധികൃതരും ചെങ്കല്‍ ലോബികളും തമ്മിലുള്ള ഒത്താശയാണ് അനധികൃത ഖനനത്തിന് കാരണമാകുന്നതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."