ജോയിന്റ് ഗള്‍ഫ് ഷീല്‍ഡ് 1; സഊദി സഖ്യകക്ഷികളുടെ ഏറ്റവും വലിയ സൈനികാഭ്യാസത്തിന് തുടക്കമായി
റിയാദ്: സഊദി പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ സഊദി അനുകൂല രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ജോയിന്റ് ഗള്‍ഫ് ഷീല്‍ഡ് 1 എന്ന് പേരിട്ടിരിക്കുന്ന സൈനിക അഭ്യാസം മേഖലയിലെ തന്നെ ഏറ്റവും വലിയ അഭ്യാസമാണ്. സഊദി സഖ്യരാജ്യങ്ങളായ 23 അംഗ രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് സൈനികാഭ്യാസം നടക്കുന്നത്.
തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സെനികാഭ്യാസം ഗള്‍ഫ് മേഖലയുടെ സംരക്ഷണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടാതെ മേഖലയുടെ സഹകരണം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സൈനികാഭ്യാസത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ വ്യാഴാഴ്ച സമാപിച്ചിരുന്നു. യുദ്ധമേഖലയിലെ തന്ത്രങ്ങള്‍ പയറ്റുന്നതിലും അത്യാധുനിക യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ സൈനികരെ സജ്ജരാക്കുകയുമാണ് സൈനിക അഭ്യാസപ്രകടനം ലക്ഷ്യമിടുന്നത്.
23 അംഗ രാജ്യങ്ങളിലെ കര, നാവിക, വ്യോമ, വ്യോമ പ്രതിരോധ, സ്‌പെഷ്യല്‍ ഫോഴ്‌സ് എന്നീ സൈനിക വിഭാഗങ്ങളാണ് പങ്കെടുക്കുന്നതെന്ന് ജോയിന്റ് ഗള്‍ഫ് ഷീല്‍ഡ് 1 ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുള്ള ബിന്‍ ഹുസൈന്‍ അല്‍ സുബൈഹി വ്യക്തമാക്കി. പതിനായിരക്കണക്കിന് സൈനികരാണ് പരേഡില്‍ പങ്കെടുക്കാനായി എത്തി ചേര്‍ന്നിരിക്കുന്നത്. രാജ്യസുരക്ഷക്ക് നേരെ ഉയര്‍ന്നു വരുന്ന വെല്ലുവിളികളും ഭീഷണികളും നേരിടാന്‍ സൈന്യത്തെ സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പങ്കെടുക്കുന്ന സൈനികരുടെയും യുദ്ധോപകരണങ്ങളുടെയും എണ്ണം പരിഗണിക്കുമ്പോള്‍ മേഖലയിലെ തന്നെ ഏറ്റവും വലിയ സൈനിക പരേഡാണ് ഇത്. സഊദി നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയങ്ങളുടെ കീഴിലുള്ള സൈനികര്‍ പങ്കെടുക്കുന്ന പരേഡില്‍ പാകിസ്താന്‍, ഈജിപ്ത്, ബഹ്‌റൈന്‍, കുവൈത്ത്, ജോര്‍ദ്ദാന്‍, സുഡാന്‍, യു.എ.ഇ, എന്നീ രാജ്യങ്ങളിലെ യുദ്ധകപ്പലുകളും സൈനിക പരേഡില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യങ്ങളുടെ പരിശീലനം നടക്കുന്ന ഗള്‍ഫ് ഷീല്‍ഡ് ഒന്നാം ഘട്ടത്തില്‍ സൈനിക, ഉപകരണങ്ങളിലെ വലിയ പങ്കാളി പാകിസ്താന്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."