കന്റോണ്‍മെന്റിലെ ലേലത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ
കണ്ണൂര്‍: കന്റോണ്‍മെന്റ് ബോര്‍ഡിനു കീഴിലുള്ള 35ഓളം വ്യാപാരികളെ ഒഴിപ്പിക്കാനുള്ള നടപടിയുമായി മുന്നോട്ടുനീങ്ങുകയായിരുന്ന കന്റോണ്‍മെന്റ് അധികൃതര്‍ക്ക് ഹൈക്കോടതിയുടെ ചുവപ്പുകൊടി. ലേലനടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ഇന്നലെ വ്യാപാരികള്‍ നല്‍കിയ അടിയന്തിര ഹരജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. വ്യാപാരി വ്യവസായി സമിതി നല്‍കിയ ഹരജിയിലാണ് വ്യാപാരികള്‍ക്ക് ആശ്വാസമേകിയ വിധി ഉണ്ടായത്. ഹൈക്കോടതിയുടെ സ്‌റ്റേ മറികടന്ന് ഇന്ന് ലേലം നടത്താന്‍ കന്റോണ്‍മെന്റ് അധികൃതര്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് രാവിലെ 10ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് വ്യാപാരികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. നേരത്തെ വിഷയത്തില്‍ പി.കെ ശ്രീമതി എം.പി, കെ.കെ രാഗേഷ് എം.പി എന്നിവര്‍ കേന്ദ്രമന്ത്രിയെ നേരില്‍ കണ്ടു നിവേദനം നല്‍കുകയും ലേലനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വ്യാപാരികളെ വഴിയാധാരമാക്കരുത്: വ്യാപാരി വ്യവസായ സമിതി
കണ്ണൂര്‍: കന്റോണ്‍മെന്റ് പരിസരത്തെ വ്യാപാരികളെ വഴിയാധാരമാക്കരുതെന്നും കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള കെട്ടിടങ്ങള്‍ കാലാവധി കഴിഞ്ഞാല്‍ നിലവിലുള്ള വ്യാപാരികള്‍ക്ക് പുതുക്കി നല്‍കുന്ന പതിവ് ഇവിടെയും നടപ്പാക്കണമെന്നും കേരള വ്യാപാരി വ്യവസായ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ തീരുമാനമാകുന്നത് വരെ സമരം തുടരുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കാലോചിതമായി മാറ്റം വരുത്തി വാടക കൂട്ടി നല്‍കുന്നതിന് വ്യാപാരികള്‍ എതിരല്ല. ഒഴിപ്പിച്ചാല്‍ 35 വ്യാപാരികളും തൊഴിലാളികളുമടക്കം 250ഓളം കുടുംബങ്ങളാണ് വഴിയാധാരമാകുക. ഒരു ഉദ്യോഗസ്ഥന്റെ മാത്രം തീരുമാനപ്രകാരം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോവുന്നത് ശരിയല്ല. 1988ന് മുമ്പ് തന്നെ പെട്ടികടകള്‍ വച്ച് കന്റോണ്‍മെന്റ് ഏരിയയില്‍ കച്ചവടം ചെയ്തു വരുന്നവരാണ് ഭൂരിഭാഗവും. അവരില്‍ നിന്നും 15,000 രൂപ വാങ്ങിയാണ് ഇപ്പോഴുള്ള കടമുറികള്‍ നിര്‍മിച്ചത്. കോടതി ഉത്തരവ് ഉണ്ടെന്നും ബോര്‍ഡ് തീരുമാനമുണ്ടെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഉപ്പോഴത്തെ ഒഴിപ്പിക്കല്‍ തീരുമാനവുമായി മുന്നോട്ട് പോകുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം.എ ഹമീദ് ഹാജി, കെ.വി സലീം, പി.എം സുഗുണന്‍, പി.പി അജിത്ത്, വി.പി ഹാഷിര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."