നെഹ്‌റു കോളജിലെ ആദരാഞ്ജലി പോസ്റ്റര്‍: പ്രിന്‍സിപ്പലിനെ വ്യക്തിപരമായി അക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ എസ്.എഫ്.ഐക്ക് പാര്‍ട്ടി നിര്‍ദേശം
നീലേശ്വരം: പടന്നക്കാട് നെഹ്‌റു കോളജില്‍ നിന്നു വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷ്പജയെ വ്യക്തിപരമായി അക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ എസ്.എഫ്.ഐക്ക് സി.പി.എം നിര്‍ദേശം. പി.വി പുഷ്പജയ്ക്ക് ആദരാഞ്ജലി ബോര്‍ഡ് വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി നേതൃത്വം ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇന്നലെ കോളജിനു മുന്നില്‍ എസ്.എഫ്.ഐ നടത്തിയ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി എം. വിജിന്‍ പ്രിന്‍സിപ്പലിനെതിരായി ആരോപണങ്ങളൊന്നും ഉന്നയിച്ചതുമില്ല.
ഇന്നലെ സി.പി.എം മുഖപത്രത്തില്‍ പുഷ്പജ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തിയത് വളഞ്ഞ വഴിയിലൂടെയാണെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അതു പോലും പരാമര്‍ശിക്കാന്‍ സംഗമത്തില്‍ സംസാരിച്ചവരാരും തയാറായില്ല. സംഭവത്തെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടേയും തീരുമാനം. തന്നെ അപമാനിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന ആരോപണത്തില്‍ പ്രിന്‍സിപ്പല്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണിത്. സംഭവത്തില്‍ കെ.എസ്.യു, എ.ബി.വി.പി പ്രവര്‍ത്തകരുമുണ്ടായിരുന്നെന്നും അവര്‍ക്കെതിരേ നടപടി ഉണ്ടാകാത്തത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് എന്നുമാണ് നേതൃത്വങ്ങളുടെ വിലയിരുത്തല്‍. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമുള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് ശുപാര്‍ശ പ്രകാരം സസ്‌പെന്റ് ചെയ്തിരുന്നു. പ്രിന്‍സിപ്പലിന് ഉറച്ച പിന്തുണ നല്‍കുന്ന കോളജ് മാനേജ്‌മെന്റിനെയും രാഷ്ട്രീയമായി നേരിടാന്‍ ആലോചനയുണ്ടെന്നാണു സൂചന.
എസ്.എഫ്.ഐ വിദ്യാര്‍ഥി സംഗമം നടത്തി
പടന്നക്കാട്: നെഹ്‌റു കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷപജയ്‌ക്കെതിരേ ആദരാഞ്ജലി ബോര്‍ഡ് വച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രതിരോധത്തിലായ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ചു വിശദീകരിക്കാന്‍ കോളജിനു മുന്നില്‍ എസ്.എഫ്.ഐ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വിനോദ് അധ്യക്ഷനായി. സെക്രട്ടറി കെ. മഹേഷ്, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. കുട്ട്യന്‍, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എ. പവിത്രന്‍, അനില്‍കുമാര്‍ മുന്തിക്കോട്ട്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, എം.വി രതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."