എറവക്കാട് ഓടന്‍ചിറ റെഗുലേറ്ററിന്റെ ഷട്ടറുകളില്‍ ചോര്‍ച്ച; പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു
പുതുക്കാട്: ഷട്ടറുകള്‍ ബന്ധിപ്പിക്കുന്ന ഭാഗത്ത് ചാക്കുകള്‍ തിരുകിയാണ് താല്‍കാലികമായി ചോര്‍ച്ചയടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇറിഗേഷന്‍ വകുപ്പിന്റെ മെക്കാനിക്കല്‍ വിഭാഗമാണ് ചോര്‍ച്ചയടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അമ്പത് ലക്ഷം രൂപ ചിലവിലാണ് റെഗുലേറ്ററിന്റെ എട്ട് ഷട്ടറുകള്‍ മാറ്റി സ്ഥാപിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ച ഷട്ടറുകള്‍ക്കിടയില്‍ നിന്ന് വെള്ളം ചോര്‍ന്നു പോകുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ നല്‍കിയിരുന്നു . ഇറിഗേഷന്‍ വകുപ്പ് അധികൃതരാണ് ഷട്ടര്‍ സ്ഥാപിച്ച കരാറുകാര്‍ക്ക് ചോര്‍ച്ചയടക്കാന്‍ നിര്‍ദേശം നല്‍കിയത്. പുതിയതായി സ്ഥാപിച്ച ടോപ്പ് ഷട്ടറുകളും അടിത്തട്ടിലെ ഷട്ടറുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തുള്ള ചോര്‍ച്ചയാണ് കരാറുകാര്‍ പരിഹരിക്കുന്നത്. എന്നാല്‍ അടിത്തട്ടിലെ ഷട്ടറുകളില്‍ നിന്നും കോണ്‍ക്രീറ്റ് ബീമുകളില്‍ നിന്നും വ്യാപകമായി വെള്ളം ചോര്‍ന്നു പോകുന്നതായി കണ്ടെത്തി. കാലപഴക്കം വന്ന അടിത്തട്ടിലെ പത്ത് ഷട്ടറുകളില്‍ നിന്നാണ് വെള്ളം ചോര്‍ന്നു പോകുന്നത്. റെഗുലേറ്ററിന്റെ കോണ്‍ക്രീറ്റ് ബീമുകളിലും ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. വെള്ളം നിറഞ്ഞു നില്‍ക്കുന്നതുമൂലം അടിത്തട്ടിലെ ഷട്ടറുകളില്‍ നിന്നുള്ള ചോര്‍ച്ചയടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കാലപഴക്കം ചെന്ന അടിത്തട്ടിലെ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കാതെ മുകള്‍ തട്ടിലെ ഷട്ടറുകള്‍ മാറ്റിയതാണ് പ്രശ്‌നത്തിന് കാരണമായത്. ഷട്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍ നിന്നുള്ള ചോര്‍ച്ച പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ എടുക്കാതിരുന്നതും അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയായി. മുകള്‍ തട്ടിലെ ഷട്ടറുകളിലെ ചോര്‍ച്ച പരിഹരിച്ചാല്‍ തന്നെയും അടിത്തട്ടിലെ ഷട്ടറുകളില്‍ നിന്നും ഒഴുകി പോകുന്ന വെള്ളം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍. മണലി പുഴയിലെ ഓടന്‍ചിറ റെഗുലേറ്ററിനെ ആശ്രയിച്ചാണ് നെന്‍മണിക്കര, വല്ലച്ചിറ പഞ്ചായത്തുകളിലെ ശുദ്ധജല,ജലസേചന പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്.
കാലപഴക്കം ചെന്ന് തുരുമ്പെടുത്ത് നശിച്ച ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളുടെ ആവശ്യമായിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രിയും സ്ഥലം എം.എല്‍.എയുമായ സി.രവീന്ദ്രനാഥിന്റെ വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചിലവിലാണ് ഷട്ടറുകള്‍ മാറ്റി സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."