ലുലാ ഡിസില്‍വക്കെതിരേ അറസ്റ്റ് വാറന്‍ഡ്
ബ്രസീലിയ: അഴിമതിക്കേസില്‍ പ്രതിയായ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുലാ ഡിസില്‍വക്കെതിരേ അറസ്റ്റ് വാറന്‍ഡ്.
ഇന്നലെ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ഹാജരാവാനാണ് ഡിസില്‍വയോട് ഫെഡറല്‍ കോടതി ആവശ്യപ്പെട്ടത്. ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന ഡിസില്‍വയുടെ അപേക്ഷ സുപ്രിംകോടതി തള്ളി മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ മുന്‍ പ്രസിഡന്റായതിനാലാണ് സ്വയം കോടതിയില്‍ ഹാജരാവാനുള്ള അവസരം ഡിസിവല്‍വക്ക് നല്‍കിയതെന്ന് ജഡ്ജി പറഞ്ഞു.
അതിനിടെ ഡിസില്‍വക്കെതിരേ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ബ്രസീലില്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടായി. അദ്ദേഹത്തിന്റെ ജന്മ ദേശമായ സാ ബെര്‍നാര്‍ഡോയില്‍ ഒരുമിച്ചുകൂടിയ പ്രതിഷേധക്കാര്‍ അറസ്റ്റിനെ എതിര്‍ക്കണമെന്നും കീഴടങ്ങരുതെന്നും ഡിസില്‍വയോട് ആവശ്യപ്പെട്ടു.
അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കാനുള്ള എന്ത് സാഹചര്യമാണിപ്പോഴുള്ളതെന്ന് ഡിസില്‍വയുടെ പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി സെനറ്റര്‍ ലിന്‍ഡ്‌ബെര്‍ഗ് ഫാരിയാസ് ചോദിച്ചു. ഡിസില്‍വയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഞങ്ങളെയും ജയിലിലടയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിക്കേസില്‍ 12 വര്‍ഷത്തെ തടവിന് വിധിച്ചിരിക്കുന്നതിനാല്‍ ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലുലാ ഡിസില്‍വ മത്സരിക്കാന്‍ സാധ്യതയില്ല. ബ്രസീലിലെ പൊതു മേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രോസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒ.എ.എസ് എന്ന സ്വാകാര്യ നിര്‍മാണ കമ്പനിക്ക് കരാര്‍ നല്‍കിയതിന് കൈക്കൂലി വാങ്ങിയെന്നാണ് ഡിസില്‍വക്കെതിരേയുള്ള ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."