ഭര്‍തൃവീട്ടിലെ ദുരൂഹ മരണം: അന്വേഷണം തൃപ്തികരമല്ലെന്ന് യുവതിയുടെ രക്ഷിതാക്കള്‍
തിരൂര്‍: വെട്ടം കാനൂര്‍ സ്വദേശി അമ്പാട്ട് പുത്തില്ലത്ത് ബഷീറിന്റെ മകള്‍ സബ്ന ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് യുവതിയുടെ വീട്ടുകാര്‍.
അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പൊലിസില്‍ നിന്ന് ലഭിക്കുന്നില്ലെന്നും മരണത്തിന് കാരണക്കാരായവര്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ നാട്ടില്‍ കഴിയുകയാണെന്നും സബ്നയുടെ പിതാവ് ബഷീര്‍ പറഞ്ഞു. കൂട്ടായി പടിഞ്ഞാറെക്കര പുതുവീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ മകന് നൗഷാദിന്റെ ഭാര്യയായ സബ്നയെ മാര്‍ച്ച് നാലിനാണ് ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തിനിടയാക്കിയത് അന്ധവിശ്വാസത്തിന്റെ പേരിലും സ്വത്തിന്റെ പേരിലുമുള്ള മാനസിക പീഢനമാണെന്നാണ് സബ്നയുടെ വീട്ടുകാരുടെ പരാതി. കേസില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ വനിതാ കമ്മീഷനിലും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു.
എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നതായി ഇതിനകം ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും വിശദമായ വിവരങ്ങളും തെളിവുകളും ശേഖരിച്ചതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂവെന്നും തിരൂര്‍ സി.ഐ പി അബ്ദുല്‍ ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."