കെ.എസ്.ആര്‍.ടി.സി 900 ബസുകള്‍ വാങ്ങുന്നു
തിരുവനന്തപുരം: പ്രതിസന്ധികളില്‍നിന്ന് കരകയറുന്നതിനുള്ള നടപടികള്‍ നടപ്പാക്കാന്‍ പാടുപെടുന്ന കെ.എസ്.ആര്‍.ടി.സി 60 എ.സി ബസുകള്‍ ഉള്‍പ്പെടെ 900 പുതിയ ബസുകള്‍ വാങ്ങുന്നു.
ഈ വര്‍ഷംതന്നെ ഈ ബസുകള്‍ പുറത്തിറക്കാനാണ് തീരുമാനം. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 3,000 പുതിയ ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരുന്നു. ഇതിന്റെ തുടക്കമെന്ന നിലയില്‍ 100 ബസുകള്‍ പുറത്തിറക്കിയിരുന്നു. 900 ബസുകള്‍കൂടി സര്‍വിസ് ആരംഭിക്കുന്നതോടെ ഈ വര്‍ഷം കെ.എസ്.അര്‍.ടി.സി വാങ്ങിയ ബസുകളുടെ എണ്ണം 1,000 ആകും.
ഇത്തവണ കെ.എസ്.ആര്‍.ടി.സി തന്നെയായിരിക്കും ബസുകളുടെ ബോഡി നിര്‍മാണം നടത്തുക. നിര്‍മാണച്ചെലവ് സംബന്ധിച്ച തര്‍ക്കങ്ങളും മോഡലിന് അംഗീകാരം ഇല്ലാത്തതും പ്രശ്‌നമാണെങ്കിലും ഇതെല്ലാം തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ് തീരുമാനം.
അതിനിടെ, സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുന്നത് വീണ്ടും നീട്ടി. തൊഴിലാളി യൂനിയനുകളില്‍ ഭൂരിഭാഗത്തിനും സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുന്നതിനോട് യോജിപ്പില്ല. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരാണ്. എത്രയുംപെട്ടെന്ന് സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാനാണ് കെ.എസ്.ആര്‍.ടി.സി എം.ഡി. എ. ഹേമചന്ദ്രന്റെ ശ്രമം.
ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് സിംഗിള്‍ഡ്യൂട്ടി സമ്പ്രദായം ഏര്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയും നടക്കുന്നുണ്ട്. ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യൂനിയനുകള്‍ എഴുതിനല്‍കിയ നിര്‍ദേശങ്ങളില്‍ കഴിഞ്ഞദിവസം നടത്താനിരുന്ന ചര്‍ച്ച തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."