ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവം; പ്രതിയെ റിമാന്‍ഡ് ചെയ്തു
തലശ്ശേരി: ഐ.ഡി.ബി.ഐ ബാങ്കിലെ ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരനെ കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഐ.പി.സി 304 പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണു സെക്യൂരിറ്റി ജീവനക്കാരന്‍ ഹരീന്ദ്രനെതിരേ ചുമത്തിയത്.
ആരോപണം തെളിഞ്ഞാല്‍ 10 വര്‍ഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. ഹരീന്ദ്രന്‍ ഉപയോഗിച്ചത് ജമ്മു-കശ്മിര്‍ ലൈസന്‍സുള്ള തോക്കാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തോക്ക് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളൊന്നും സുരക്ഷാ ജീവനക്കാരന്‍ പാലിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ബാങ്കില്‍ നിന്നു പിടിച്ചെടുത്ത സി.സി. ടി.വി ദൃശ്യങ്ങളില്‍ തോക്കില്‍ നിന്നു വെടിയുതിര്‍ന്ന സമയത്ത് വില്‍ന സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുകയും വില്‍നയുടെ തലയുടെ പിറകുവശത്ത് വെടിയുണ്ട തുളച്ച് കയറുകയുമാണുണ്ടായതെന്നു വ്യക്തമാണ്. ജീവനക്കാര്‍ ഇരുന്നതിനു രണ്ടു മീറ്റര്‍ അകലെ നിന്നാണ് വെടിപൊട്ടിയത്. വെടിയുണ്ടയുടെയും വില്‍നയുടെ തലച്ചോറിന്റെയും അവശിഷ്ടങ്ങള്‍ ബാങ്ക് കെട്ടിടത്തിന്റെ സീലിങില്‍ നിന്ന് പൊലിസ് കണ്ടെടുത്തു. തോക്കിന് സാങ്കേതിക തകരാറുണ്ടെന്ന് സുരക്ഷാ ജീവനക്കാരന്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതു കണ്ടെത്താന്‍ ഉന്നത പരിശോധന നടത്തണമെന്നു പൊലിസ് പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പാണു ഹരീന്ദ്രന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് ഐ.ഡി.ബി.ഐ ബാങ്കില്‍ സുരക്ഷാ ജീവനക്കാരനായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."