കോണ്‍ഗ്രസ് പരിപാടിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സാമുദായിക സൗഹാര്‍ദ സദസിനെത്തിയ മുതിര്‍ന്ന നേതാക്കളായ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍ എന്നിവരെ വേദിയില്‍ വിലക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ സംഘടിപ്പിച്ച നിരാഹാര പരിപാടിയുടെ വേദിയില്‍ നിന്നാണ് ഇരുവരെയും വിലക്കിയത്. സിഖ് കൂട്ടക്കൊലക്കേസില്‍ പ്രതികളായതുകാരണമാണ് ഇരുവരേയും തടഞ്ഞതെന്നാണ് വിവരം.
സജ്ജന്‍കുമാര്‍ മടങ്ങിയെങ്കിലും ജഗദീഷ് ടൈറ്റ്ലര്‍ സദസില്‍ പ്രവര്‍ത്തകരുടെ കൂടെ ഇരുന്ന് ചടങ്ങ് വീക്ഷിച്ചു.
രാഹുലിനൊപ്പം നിരാഹാരവേദിയിലിരിക്കാന് തെരഞ്ഞെടുത്ത നേതാക്കളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ എന്നും അതിനാലാണ് സജ്ജനെയും ജഗദീഷിനെയും വേദിയിലേക്കു പ്രവേശിപ്പിക്കാതിരുന്നതെന്നുമാണ് അജയ്മാക്കന് ഇതിനോട് പ്രതികരിച്ചത്.
അതിനിടെ അജയ്മാക്കന് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം തൊട്ടടുത്ത ഹോട്ടലില്‍ പ്രാതല്‍ കഴിക്കുന്നതിന്റെ ഫോട്ടോ ബി.ജെ.പി നേതാവ് ഹരീഷ് ഖുരാന ട്വിറ്ററിലൂടെ പുറത്തുവിട്ടു. എന്നാല്‍ അനിശ്ചിതകാല നിരാഹാരസമരത്തിനല്ല പാര്‍ട്ടി തീരുമാനിച്ചതെന്നും 10.30 മുതല്‍ വൈകീട്ട് 4.30 വരെ നിരാഹാരമിരിക്കാനാണെന്നും കോണ്‍ഗ്രസ് നേതാവ് അര്‍വീന്ദര്‍ ലൗലി പ്രതികരിച്ചു. രാവിലെ 8 മണിക്കാണ് തങ്ങള്‍ ഭക്ഷണം കഴിച്ചതെന്നും ജനങ്ങള്‍ എന്തൊക്കെ കഴിക്കുന്നു എന്നു നോക്കിനടക്കുന്നതിനു പകരം ഭരണത്തില്‍ ശ്രദ്ധിക്കൂവെന്നും അദ്ദേഹം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."