ഹയര്‍ സെക്കന്‍ഡറി-പൊതുവിദ്യാഭ്യാസ വകുപ്പ് ലയനം: മൂല്യനിര്‍ണയ ക്യാംപുകള്‍ ബഹിഷ്‌കരിച്ച് അധ്യാപക പ്രതിഷേധം
തിരൂര്‍: ഹയര്‍സെക്കന്‍ഡറി- പൊതുവിദ്യാഭ്യാസ വകുപ്പ് ലയന തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാംപുകള്‍ ബഹിഷ്‌ക്കരിച്ചു. തുടര്‍ന്ന് അധ്യാപകര്‍ ക്യാംപുകള്‍ നടക്കുന്ന സ്‌കൂളുകള്‍ക്ക് മുന്നിലും ജില്ലാ ആസ്ഥാനത്തും പ്രതിഷേധ പ്രകടനം നടത്തി. അധ്യാപകരുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് മൂല്യനിര്‍ണയ ക്യാംപുകളില്‍ വളരെക്കുറച്ച് അധ്യാപകര്‍ മാത്രമാണ് ബുധനാഴ്ച ഡ്യൂട്ടിക്കെത്തിയത്. ഇത് മൂല്യനിര്‍ണയ നടപടികള്‍ മന്ദഗതിയിലാക്കി. ഒരു വിഭാഗം അധ്യാപകരുടെ നിസ്സഹകരണം മൂല്യനിര്‍ണയത്തെിലും പരീക്ഷാ ഫലപ്രഖ്യാപനത്തിലും കാലതാമസമുണ്ടാക്കാനാണ് സാധ്യത. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കെ.എസ്.ടി.എ ഒഴികെയുള്ള അധ്യാപക സംഘടനകളാണ് ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപുകള്‍ ബുധനാഴ്ച ബഹിഷ്‌കരിച്ചത്.
26 വര്‍ഷമായി അക്കാദമിക ഗുണനിലവാരത്തോടെയും ഭരണക്ഷമതയോടെയും പ്രവര്‍ത്തിക്കുന്ന ഹയര്‍സെക്കന്‍ഡറി മേഖലയെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ലയിപ്പിച്ചാല്‍ അത് ഗുണനിലവാര തകര്‍ച്ചയ്ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നീ അധ്യാപക സംഘടനകള്‍ മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് വിട്ടുനിന്നത്. ഹയര്‍സെക്കന്‍ഡറിയെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ലയനതീരുമാനത്തിനെതിരേ വരും ദിവസങ്ങളിലും പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് അധ്യാപകരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."