പുതുജീവന്‍ തേടി: പ്രതീക്ഷയോടെ പരിയാരം മെഡിക്കല്‍ കോളജ്
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ തുടങ്ങിയതോടെ അവസാനിച്ചത് കാല്‍ നൂറ്റാണ്ടു കാലത്തെ കാത്തിരിപ്പ്. 1993ല്‍ പ്രവര്‍ത്തനം തുടങ്ങിയ പരിയാരം മെഡിക്കല്‍ കോളജ് സില്‍വര്‍ ജൂബിലി വര്‍ഷത്തേക്ക് കടക്കുമ്പോഴാണ് എല്ലാവരും ആഗ്രഹിച്ച ഏറ്റെടുക്കല്‍ നടക്കുന്നത്. 1994 മാര്‍ച്ച് മൂന്നിനാണ് മെഡിക്കല്‍ കോളജിനായി ടി.ബി സാനിറ്റോറിയത്തിന്റെ 119 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിട്ടുനല്‍കിയത്. 95 മുതല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ തുടങ്ങി. 1997 ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്തെങ്കിലും 2002ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജ് നടത്തിപ്പുകാരായി എം.വി രാഘവന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ തന്നെ അവരോധിച്ചു. എന്നാല്‍ 2007 സെപ്റ്റംബര്‍ 23ന് ടി.കെ ഗോവിന്ദന്റെ നേതൃത്വത്തില്‍ സി.പി.എം ഭരണസമിതി പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണം പിടിച്ചെടുത്തു.
2011 ജൂണ്‍ ഒന്‍പതിന് നടന്ന തെരഞ്ഞെടുപ്പിലാണ് എം.വി ജയരാജന്‍ ഭരണസമിതി ചെയര്‍മാനായത്. 2014 ല്‍ യു.ഡി.എഫ് ഗവണ്‍മെന്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെങ്കിലും നടപ്പിലായില്ല. ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് വീണ്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലാവുന്നതോടെ ഐ.എം.സി റദ്ദാക്കിയ എം.ബി.ബി.എസിനുള്ള അംഗീകാരത്തിന്റെ കാര്യത്തിലും, മെഡിക്കല്‍ കോളജിന് സ്വന്തമായി ഭൂമിയില്ലാത്ത പ്രശ്‌നവും പരിഹരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."