സഊദിയിലെ നാഫൂദ് മരുഭൂമിയില്‍ 85,000 വര്‍ഷങ്ങള്‍ പഴക്കമുള്ള മനുഷ്യവിരല്‍ ഫോസില്‍ കണ്ടെത്തി
റിയാദ്: സഊദിയില്‍ 85,000 വര്‍ഷങ്ങള്‍ പഴക്കമുള്ള വിരല്‍ എല്ലിന്റെ ഫോസില്‍ കണ്ടെത്തി. പ്രശസ്തമായ നാഫൂദ് മരുഭൂമിയിലാണ് ചരിത്രത്തിന്റെ നിഗൂഢതകളിലേക്ക് വഴി തുറക്കുന്ന തരത്തിലേക്കുള്ള ഫോസില്‍ കണ്ടെത്തിയത്. ആഫ്രിക്കയില്‍ നിന്നും ലോകത്തെ കോളനീകരിക്കുന്നതിന് മനുഷ്യവാസം എത്തപ്പെട്ടതിലേക്ക് വെളിച്ചം വീശുന്നത് കൂടിയാണ് പുതിയ കണ്ടെത്തലെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
സഊദി ജിയോളജിക്കല്‍ സര്‍വേ, പബ്ലിക് അതോറിറ്റി ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ്, കിങ് സഊദ് യൂണിവേഴ്‌സിറ്റി, മനുഷ്യ ചരിത്രത്തിനുള്ള മാക്‌സ് പ്ലാങ്ക് ഫൗണ്ടേഷന്‍, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, ആസ്‌ത്രേലിയ നാഷണല്‍, ആസ്‌ത്രേലിയ ന്യൂ സൗത്ത് യൂണിവേഴ്‌സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഗവേഷണത്തിലാണ് അപൂര്‍വനേട്ടം. അല്‍ വുസ്ത പ്രദേശത്ത് നിന്നാണ് യുവാവിന്റെതെന്ന് കരുതുന്ന നടുവിരലിന്റെ ഫോസില്‍ കണ്ടെത്തിയതെന്ന് സംഘം വ്യക്തമാക്കി. ആഫ്രിക്കയുടെ പുറത്ത് കാണപ്പെട്ട ഏറ്റവും പുരാതനമായതും അറേബ്യന്‍ പെനിസുലയില്‍ ആദ്യമായും കണ്ടെത്തിയതാണ് ഈ മനുഷ്യശരീരത്തിലെ ഫോസിലെന്നും സംഘം വിശദീകരിച്ചു. 1.3 ഇഞ്ച് നീളമുള്ള വിരല്‍ കഷ്ണമാണ് കണ്ടെടുത്തത്.
ജീവിവര്‍ഗങ്ങള്‍ ആദ്യമായി ആഫ്രിക്കയില്‍ ഏകദേശം 3,00,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടു. 60,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതിവേഗം കുടിയേറ്റം മൂലം ഹോമോ സാപോണ്‍സണുകള്‍ ആഫ്രിക്കയില്‍ നിന്ന് പുറത്ത് കടക്കുകയും സമുദ്ര മേഖലകളില്‍ സഞ്ചരിച്ച് സമുദ്രവിഭവങ്ങളെ ആശ്രയിച്ചു മറ്റുള്ള സ്ഥലങ്ങളിലേക്ക് എത്തിയതാണെന്നും ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി സോഷ്യല്‍ ഓഫ് ഹ്യൂമന്‍ ഹിസ്റ്ററിയിലെ നരവംശശാസ്ത്രജ്ഞന്‍ മൈക്കല്‍ പെട്രാഗ്രിയ പറഞ്ഞു. 60,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്ന് കണ്ടെടുത്ത പോലെയുള്ളതല്ലിത്. മറിച്ച് കൂടുതല്‍ സങ്കീര്‍ണമായ കുടിയേറ്റത്തിന്റെ മാതൃകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മറ്റ് കണ്ടെത്തലുകള്‍ക്കൊപ്പം ഇത്തരത്തിലുള്ളവ കണ്ടെത്തിയിട്ടുണ്ട്. 100,000 വര്‍ഷങ്ങളില്‍ ഹോമോസാപ്പിയന്‍സ് പല പ്രാവശ്യം ആഫ്രിക്കയില്‍ നിന്ന് മാറിയതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാഫൂദ് മരുഭൂമിയില്‍ നിന്നും നേരത്തെയും ഇതിനോട് സമാനമായ ചരിത്രശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു. വംശനാശം സംഭവിച്ച പുരാതന ആനകളുടെ 225 സെന്റീമീറ്റര്‍ നീളമുള്ള കൊമ്പുകള്‍ വടക്കു പടിഞ്ഞാറ് ഭാഗത്തു നടത്തിയ ഖനനത്തില്‍ കണ്ടെടുത്തിരുന്നു. കൂടാതെ, മാമല്‍സുകളുടേതടക്കമുള്ള അവശിഷ്ടങ്ങളും ഭീമാകാരങ്ങളായ ആനകള്‍, കുതിരകള്‍, കാളകള്‍, മാനുകള്‍, കാട്ടുപോത്തുകള്‍, കഴുതപ്പുലി, കാട്ടുനായ, പക്ഷികള്‍ തുടങ്ങിയ പുരാതന ഭീമാകാരമായ ജീവികളുടെ ഫോസിലുകളും കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."