ഡല്‍ഹിയില്‍നിന്ന് കത്‌വയിലേക്കും ഉന്നാവോയിലേക്കുമുള്ള ദൂരം
ചതിപ്രയോഗത്തിലുടെ നിരവധി പേരെ വധിച്ച അശ്വഥാമാവിനെ ശിക്ഷിക്കുന്നതിനായി അര്‍ജുനനോട് ശ്രീകൃഷ്ണന്‍ പറയുന്നത് (ഭാഗവതം പ്രഥമ സ്‌കന്ദത്തില്‍ നിന്ന്)
രാജ്യതലസ്ഥാനത്തു നിന്ന് ഏതാണ്ട് 500 കി.മീറ്റര്‍ ദൂരം വരും ജമ്മുകശ്മിരിലെ കത്‌വയെന്ന സ്ഥലത്തേക്ക്. ഇതിന്റെ കാല്‍ഭാഗം പോലും ദൂരമില്ല ഉത്തര്‍പ്രദേശിലെ ഉന്നാവോയിലേക്ക്. മോദി മാജിക്കെന്നുപറഞ്ഞ് പ്രധാനമന്ത്രി പദത്തിലിരുന്ന് നരേന്ദ്ര മോദി പുതിയൊരു മായിക ലോകം സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയും ഹൈന്ദവ സംഘടനകളും യഥാര്‍ഥത്തില്‍ അദ്ദേഹം സൃഷ്ടിച്ച മാസ്മരികതയില്‍ അഭിരമിക്കുമ്പോള്‍ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ കാണാതെ പോകുന്നു. ഇതിന്റെ തെളിവാണ് കശ്മിരിലെ കത്‌വയിലും ഉത്തര്‍പ്രദേശിലെ ഉന്നാവോയിലും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങള്‍.
ഉത്തര്‍പ്രദേശില്‍ 18കാരിയെ പീഡിപ്പിച്ചത് ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള അക്രമിസംഘങ്ങളാണെങ്കില്‍ കശ്മിരില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതും ബി.ജെ.പിയോട് ആഭിമുഖ്യമുള്ള ഹിന്ദു ഏകതാ മഞ്ചുമായി അടുപ്പമുള്ള ചിലരും അവരുടെ അനുചരന്മാരായ ചില പൊലിസുകാരും ചേര്‍ന്നാണ്.
നേരത്തേ ഗോരക്ഷയുടെ പേരില്‍ സംഘ് പരിവാര്‍ ഗുണ്ടകള്‍ നടത്തിയ രാജ്യദ്രോഹ നടപടിക്കു പിന്നാലെയാണ് പിഞ്ചുകുട്ടികളെപ്പോലും വെറുതെ വിടില്ലെന്ന് വ്യക്തമാക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങള്‍. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഒരു കൂട്ടം നരാധമന്മാര്‍ അഴിഞ്ഞാടുമ്പോള്‍ അതിനെതിരേ ചെറുവിരലനക്കാന്‍ പോലും മോദിക്കോ കൂട്ടാളികള്‍ക്കോ കഴിയാതെ പോകുന്നു.
നാലുവര്‍ഷം മുന്‍പാണ് ആണ്‍ സുഹൃത്തിനൊപ്പം ബസില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ പീഡനത്തിനിരയാക്കിയത്. ഈ പൈശാചിക കൃത്യം നടത്തിയവര്‍ മനുഷ്യര്‍ തന്നെയായിരുന്നുവോയെന്ന് ഓരോ ഇന്ത്യക്കാരും ചോദിച്ചിരുന്നു. ഇന്ത്യയുടെ മകളെന്നും നിര്‍ഭയയെന്നുമെല്ലാം പേരിട്ട് ഈ സംഭവത്തിലെ ഇരയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ രാജ്യം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.
അവസാനം രാജ്യത്തിന്റെ മുഖത്ത് കറുത്ത പാട് നല്‍കി അവള്‍ മരണത്തിന് കീഴടങ്ങി. കാട്ടുമൃഗത്തെപോലും നാണിപ്പിക്കുന്ന മനോനിലയുള്ളവരുടെ ഒരു സംഘമായിരുന്നു നിര്‍ഭയയെ കൊലപ്പെടുത്തിയത്. അന്ന് തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റിടങ്ങളിലും ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങിയത് ആരും മറന്നിട്ടുണ്ടാകില്ല.
ആ സംഭവത്തിനു ശേഷം ഇത്തരമൊന്ന് ഉണ്ടാകില്ലെന്ന് നാം വെറുതെ വ്യാമോഹിച്ചു. എന്നാല്‍, വീണ്ടും ഇതേ രീതിയിലുള്ള അക്രമങ്ങള്‍ അതും ഭരണത്തിന്റെ തണലില്‍ വികലമായ മനസിന്റെ ഉടമകളുടെ നേതൃത്വത്തില്‍ നടന്നു. നിര്‍ഭയ കേസില്‍ പ്രതിഷേധിച്ചവരെ ലാത്തിച്ചാര്‍ജ് ചെയ്തും കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചും പൊലിസ് നേരിട്ടെങ്കിലും ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്നുയര്‍ന്ന പ്രതിഷേധം ഭരണക്കാരുടെ അധികാര ഗോപുരങ്ങളെപോലും വിറപ്പിച്ചു.
എന്നാല്‍, ഉത്തര്‍പ്രദേശില്‍ 18 കാരിക്കുനേരെയുണ്ടായ പീഡനത്തിനും ജമ്മുകശ്മിരിലെ ക്ഷേത്രത്തിലെ പ്രാര്‍ഥനാ മുറിയിലിട്ട് എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും നിര്‍ഭയ സംഭവത്തിലുണ്ടായതുപോലുള്ള പ്രതിഷേധ കടലിരമ്പം ഉണ്ടായില്ല. ഇന്ത്യയിലെ തെരുവുകളെല്ലാം എന്തുകൊണ്ട് നിശബ്ദമായി.
മുസ്‌ലിം പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു രാജ്യത്തിന്റെ സ്ഥിതിയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് ഇത്തരമൊരവസ്ഥയില്‍ വലിയ പ്രസക്തിയുണ്ട്.
കശ്മിരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ പൊലിസ് ഉദ്യോഗസ്ഥരടക്കം എട്ടുപേരാണുള്ളത്.
സംഭവത്തില്‍ ജമ്മു കശ്മിര്‍ പൊലിസ് പറയുന്നത്, ഇത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നാണ്. പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവരെല്ലാം വലിയ അധികാരമുള്ളവര്‍ തന്നെയാണ്.
ക്രൈംബ്രാഞ്ച് തയാറാക്കിയ കുറ്റപത്രം വായിക്കുന്നവര്‍ക്ക് അതിലെ ഓരോ വരികളും അക്രമികളുടെ മനസിലെ മൃഗീയഭാവങ്ങള്‍ എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്നാണ് ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ ഇതിനോട് പ്രതികരിച്ചത്.
എന്നാല്‍, ഇവിടെ സംഭവം രണ്ട് വസ്തുതകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഒന്ന് രാഷ്ട്രീയ തലത്തിലേക്കാണെങ്കില്‍ മറ്റൊന്ന് വര്‍ഗീയതയാണ്. ആത്യന്തികമായി പറയേണ്ടത് ഇത്തരമൊരു വിഭാഗീയതയിലേക്ക് വിഷയത്തെ കൊണ്ടുവന്ന് അതിനെ ലഘൂകരിക്കരുതെന്നാണ്. കശ്മിരിലെ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രംഗത്തെത്തിയത് കുറ്റാരോപിതരെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി മാത്രമാണ്.
യഥാര്‍ഥത്തില്‍ കൊടുംപീഡനത്തിനൊടുവില്‍ മരിച്ച ആ എട്ടുവയസുകാരിക്കു മുന്‍പില്‍ തോറ്റുപോയത് നാം തന്നെയാണ്. ആ കുട്ടിയും മനുഷ്യകുലത്തിലുള്ള അംഗമാണെന്ന് രാഷ്ട്രീയത്തിന്റെയും അതിലുപരി മതത്തിന്റെയും തീക്ഷ്ണമായ വൈകാരികതയില്‍ പലരും മറന്നുപോയി.
കത്‌വ സംഭവത്തില്‍ രാജ്യം നാണിച്ച് തലതാഴ്ത്തുകയാണ്. രാജ്യത്ത് സ്ത്രീകളും കുട്ടികളും ഒരിക്കല്‍പോലും സുരക്ഷിതരല്ലെന്ന വസ്തുതയാണ് കത്‌വയിലെ എട്ടു വയസുകാരിക്കും യു.പിയിലെ 18 കാരിക്കും സംഭവച്ചതിലൂടെ മനസിലാക്കേണ്ടത്. 2012ലെ ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തില്‍ ജനങ്ങള്‍ സംഘടിച്ച് അധികാരികളെ ചോദ്യം ചെയ്ത് നീതിക്കായി വാക്കുകളെ ശരങ്ങളാക്കിയിരുന്നു. എന്നാല്‍, കശ്മിരിലെ ബാലികക്കും ഉന്നാവോയിലെ യുവതിക്കും വേണ്ടി ഇപ്പോഴും തെരുവുകള്‍ ഉണര്‍ന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."