കടുത്തുരുത്തിയില്‍ 15,000 വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കി
കടുത്തുരുത്തി: കേരളാ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി നടപ്പാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി 15000 വീടുകളിലേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കി കുടിവെളളം എത്തിക്കാന്‍ കഴിഞ്ഞതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.
കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കുടിവെള്ള പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.
കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴില്‍ കേരളാ വാട്ടര്‍ അതോറിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രയോജനം കടുത്തുരുത്തി, മുളക്കുളം, വെള്ളൂര്‍, വെളിയന്നൂര്‍, ഉഴവൂര്‍, കല്ലറ, മാഞ്ഞൂര്‍, കാണക്കാരി എന്നീ പഞ്ചായത്തുകളിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും ജനങ്ങള്‍ക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞതായി യോഗം വിലയിരുത്തി. പദ്ധതി വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞതിലൂടെ വരള്‍ച്ചയുടെ സമയത്ത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിട്ടാണ് കുടിവെള്ളം ലഭ്യമായിരിക്കുന്നതെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ മന്ത്രിയായിരുന്ന പി.ജെ ജോസഫ് 150 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്നാണ് കടുത്തുരുത്തി സമഗ്ര കുടിവെള്ള പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ ചൂണ്ടിക്കാട്ടി. വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിന് തടസമായി നില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി മോന്‍സ് ജോസഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."