വിന്നി മണ്ടേലയ്ക്ക് ദ.ആഫ്രിക്കയുടെ യാത്രാമൊഴി
ജോഹന്നാസ്ബര്‍ഗ്: വര്‍ണവിവേചന വിരുദ്ധ പോരാളി വിന്നി മണ്ടേലയ്ക്ക് യാത്രാമൊഴി നല്‍കി ദക്ഷിണാഫ്രിക്ക. പതിനായിരങ്ങളാണ് വിന്നിയുടെ ഭൗതികശരീരം അവസാനമായൊരു നോക്കുകാണാന്‍ കഴിഞ്ഞ ദിവസം ജോഹന്നാസ്ബര്‍ഗിലെ ഒര്‍ലാന്‍ഡോ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്.
രാവിലെ വീട്ടില്‍ സ്വകാര്യ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ച ശേഷമാണ് ഭൗതികശരീരം സ്റ്റേഡിയത്തിലെത്തിച്ചത്. ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്രയില്‍ ആയിരങ്ങള്‍ വീട്ടില്‍നിന്ന് സ്റ്റേഡിയം വരെ അനുഗമിച്ചു. തുടര്‍ന്ന് ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് സംസ്‌കാരചടങ്ങിനു തുടക്കമായത്. ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ നേതാക്കള്‍ക്കു പുറമെ നമീബിയ, റിപബ്ലിക്ക് ഓഫ് കോംഗോ എന്നിവയുടെ പ്രസിഡന്റുമാരും രാജ്യാന്തരതലത്തിലെ പൗരാവകാശ നേതാക്കളും അതിഥികളായി പങ്കെടുത്തു. വിന്നി-നെല്‍സന്‍ മണ്ടേല ദമ്പതികളുടെ മകള്‍ സെനാനി മണ്ടേല ചടങ്ങില്‍ സംസാരിച്ചു.
മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സന്‍ മണ്ടേലയുടെ മുന്‍ ഭാര്യ കൂടിയായ വിന്നി ഈ മാസം രണ്ടിനാണ് ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ മരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു വിന്നി മണ്ടേല. പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണ് വിന്നിയെ വിശേഷിപ്പിച്ചിരുന്നത്. 1936ല്‍ ഈസ്റ്റേണ്‍ കേപ്പിലാണു ജനനം. സാമൂഹിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോകവെ, 22-ാം വയസില്‍ നെല്‍സണ്‍ മണ്ടേലയെ കണ്ടുമുട്ടി. തുടര്‍ന്ന് 1958 ജൂണില്‍ ഇരുവരും വിവാഹിതരായി. അധികം വൈകാതെ നെല്‍സണ്‍ മണ്ടേല ഒളിവില്‍ പോകുകയും പിന്നീടു പിടിയിലാവുകയും ചെയ്തു. 27 വര്‍ഷത്തിനു ശേഷം ജയില്‍മോചിതനായ മണ്ടേലയും വിന്നിയും അധികം വൈകാതെ വഴിപിരിയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."