ശുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രിംകോടതിയില്‍
മട്ടന്നൂര്‍ (കണ്ണൂര്‍): യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബ് വധക്കേസില്‍ സ്റ്റേ നീക്കി സി.ബി.ഐ അന്വേഷണം നടത്തമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രിംകോടതിയില്‍ ഹരജി നല്കി. പിതാവ് സി. മുഹമ്മദാണു മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ മുഖേന ഹരജി നല്‍കിയത്.
സി.ബി.ഐ അന്വേഷണത്തിനു നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണിത്.
കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു കുടുംബം സുപ്രിംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവ് നശിപ്പിക്കപ്പെടും മുന്‍പ് കേസ് അടിയന്തരമായി സി.ബി.ഐക്കു വിടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
നേരത്തെ ശുഹൈബിന്റെ മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന പൊലിസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിലെ ഹരജി.
പൊലിസ് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ നിലപാട് തള്ളി അന്വേഷണം സി.ബി.ഐക്കു കൈമാറിയിരുന്നു. തുടര്‍ന്നു സര്‍ക്കാരിന്റെ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ഈ പശ്ചാത്തലത്തിലാണു കുടുംബം സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."