യാത്രകള്‍ സഫലമാവട്ടെ
യാത്രയുടെ കാലമാണിത്. മധ്യവേനലവധിക്ക് മാത്രമല്ല, രണ്ടു ദിവസം അടുപ്പിച്ച് ഒഴിവുകിട്ടിയാല്‍ യാത്രപോവുക എന്നത് ആളുകള്‍ക്കിന്നൊരു ഹരമാണ്. മുമ്പൊക്കെ ദൂരെയുള്ള ബന്ധുവീട്ടിലേക്ക്, അല്ലെങ്കില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കായിരുന്നു യാത്രയെങ്കില്‍ ഇപ്പോള്‍ അതിന്റെ കെട്ടും മട്ടുമൊക്കെ പാടെ മാറി. ജീവിതം തന്നെ ഒരു മഹായാത്രയാണ്. കൊച്ചു കൊച്ചു യാത്രകള്‍ കൊണ്ടു തീര്‍ത്ത ഒരു നെടുനീളന്‍ പ്രയാണം. വിജ്ഞാനയാത്ര, വിനോദയാത്ര, തീര്‍ത്ഥയാത്ര, ബിസിനസ് യാത്ര, പ്രബോധന യാത്ര, തൊഴിലന്വേഷണ യാത്ര തുടങ്ങി തരാതരം യാത്രകളുണ്ട്. ഇവയ്‌ക്കെല്ലാം പാക്കേജുമായി വിവിധ ഏജന്‍സികളുമുണ്ട്. പണ്ട് പണക്കാര്‍ക്കു മാത്രം പറഞ്ഞതായിരുന്നു യാത്രകളെങ്കില്‍ ഇപ്പോള്‍ അത്തരം വേര്‍തിരിവുകളില്ല. ഓട്ടക്കീശയുമായി രാജ്യാന്തരങ്ങള്‍ താണ്ടിയെത്തുന്നവരും ഇന്ന് യാത്രക്കാരുടെ കൂട്ടത്തിലുണ്ട്.
യാത്രകള്‍ ഏത് നിലക്കും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെ. രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ മാറ്റിവരച്ചതും അറിവുകള്‍ വെള്ളിവെളിച്ചമായി ലോകത്തിന്റെ മുക്കിലും മൂലയിലും ഒഴുകിപ്പരന്നതുമൊക്കെ സാഹസികമായ ചില യാത്രകളുടെ അനന്തര ഫലമായിട്ടായിരുന്നു. സംസ്‌കാരങ്ങള്‍ പരസ്പരം കൊണ്ടും കൊടുത്തും പരിപോഷിച്ചതും യാത്രകള്‍ കൊണ്ടുതന്നെ.
ഒരായുസ്സ് കൊണ്ട് പഠിക്കുവാനാവാത്തത് ചിലപ്പോള്‍ ഒരു യാത്രകൊണ്ട് അറിയാനാവും. ഒരുപാട് വര്‍ഷം ഇടപഴകിയിട്ടും കാണാതെ പോയ സൗഹൃദത്തിന്റെ ഇഴയടുപ്പം തിരിച്ചറിയാന്‍ ഒന്നിച്ചൊരു യാത്രകൊണ്ട് കഴിഞ്ഞെന്നുംവരും. തൊലിപ്പുറത്തുള്ള സ്‌നേഹത്തിന്റെ കപടത വെളിപ്പെടാനും യാത്ര നിമിത്തമായെന്നു വരാം. പക്ഷേ, ഏത് യാത്രയേക്കാളും മുഖ്യം അവനവനിലേക്കുള്ള യാത്രതന്നെയാണ്. ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനേക്കാള്‍ പ്രധാനമാണ് അവനവനിലേക്ക് ഒരിഞ്ചു പ്രവേശിക്കലെന്ന് റീല്‍ക്കേ പറഞ്ഞിട്ടുണ്ട്. മനസിന്റെ ചിന്താവഴികള്‍ ചികഞ്ഞുകൊണ്ടുള്ള യാത്രയാണത്. അവനവനിലേക്കു തന്നെയുള്ള തീര്‍ത്ഥയാത്ര. നമ്മള്‍ അന്വേഷിച്ചു നടക്കുന്നത് പുറത്തല്ല. അകത്ത് തന്നെയുണ്ടെന്ന് അപ്പോള്‍ ബോധ്യപ്പെടും. ആ തിരിച്ചറിവില്‍ ആദ്യം കണ്ടെത്തുക നമുക്ക് ചുറ്റുമുള്ള ചില മുഖങ്ങള്‍ തന്നെയാണ്. ഇനിയും തുറന്നു നോക്കാത്ത സമ്മാനപ്പൊതികളാണ് അവ. ആ പൊതിക്കുള്ളില്‍ കരുതിവച്ച സ്‌നേഹനിധികള്‍ നാമിനിയും കണ്ടില്ല! ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കേണ്ട ജീവിതപങ്കാളിയെ പോലും നമ്മള്‍ വേണ്ടവിധം കാണാതെ പോയി. ഓരോ മാസവും അവള്‍ ഏറ്റുവാങ്ങുന്ന വേദനയും നമ്മള്‍ തിരിച്ചറിഞ്ഞില്ല. മനുഷ്യകുലത്തിന്റെ നിലനില്‍പിനു വേണ്ടിയുള്ള സഹനമാണത്. ദ ഡേ ഓഫ് ഫ്‌ളവേഴ്‌സ്, ബ്ലഡ് ഓണ്‍ ദ ഫെയ്‌സ് ഓഫ് ദ മൂണ്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ആ ദിവസങ്ങളില്‍ പോലും അവളോട് തെല്ലും സഹാനുഭൂതിയില്ലാത്തവരായി നമ്മള്‍.
വീട് എന്നത് കേവലം കെട്ടിടം മാത്രമാവരുത്. അലിവും ആര്‍ദ്രതയും ആശ്വാസവും പങ്കിടുന്ന മനുഷ്യര്‍ അവിടെയുണ്ടെങ്കിലേ അതൊരു വീടാവുകയുള്ളൂ. വീട്ടാകടങ്ങളുടെ ആകത്തുകയാണ് ജീവിതം. വീട്ടിയാലും വീടാത്ത കടങ്ങളാണ് ഓരോ ബന്ധവും. മാതാപിതാക്കളോടുള്ള കടം, ഗുരുവര്യന്മാരോടുള്ള ബാധ്യത, ജീവിതപങ്കാളിയോടുള്ള കടപ്പാട് ഇതൊക്കെ എന്നെങ്കിലും വീട്ടിത്തീര്‍ക്കാനാവുമോ? എല്ലാം കൊടുത്തു തീര്‍ത്തെന്നും മറ്റുള്ളവര്‍ തന്നോടാണ് കടപ്പെട്ടിരിക്കുന്നതെന്നും ചിലപ്പോള്‍ നമ്മള്‍ തെറ്റിദ്ധരിച്ചു പോവാം. സത്യം അങ്ങനെയാണ്. അത് മനസിലാക്കാന്‍ ചിലപ്പോള്‍ കാലങ്ങളെടുക്കും. സത്യത്തിന്റെ ഒരു സവിശേഷതയാണത്. പണ്ട് സത്യവും അസത്യവും കടല്‍ക്കരയില്‍ കണ്ടുമുട്ടിയപ്പോള്‍ അസത്യം കുളിക്കാന്‍ ക്ഷണിച്ചു. വസ്ത്രം കരയില്‍ ഊരിവച്ച് ഇരുവരും വെള്ളത്തിലിറങ്ങി. അസത്യം വേഗം കുളിച്ചു കയറി സത്യത്തിന്റെ ഉടുപ്പണിഞ്ഞ് ധൃതിയില്‍ നടന്നകന്നു. കുളിച്ചുകയറിയ സത്യത്തിന് കിട്ടിയത് അസത്യത്തിന്റെ ഉടയാടകളാണ്. നാണം മറയ്ക്കാന്‍ അത് ധരിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു. മനസില്ലാ മനസോടെ അസത്യത്തിന്റെ ഉടുപ്പണിഞ്ഞ് സത്യം യാത്രയായി. സത്യം എപ്പോഴും നമ്മുടെ മുമ്പിലെത്തുന്നത് അസത്യത്തിന്റെ ഉടുപ്പണിഞ്ഞാണ്. അതുകൊണ്ട് യാഥാര്‍ഥ്യം പലപ്പോഴും നമ്മള്‍ തിരിച്ചറിയാതെ പോവുന്നു. വൈകി അറിയുമ്പോഴേക്കും പലതും നമുക്ക് നഷ്ടമാവുന്നു. അസത്യമാകട്ടെ സത്യത്തിന്റെ ഉടുപ്പണിഞ്ഞ് വരുന്നതിനാല്‍ എവിടേയും എപ്പോഴും എളുപ്പം സ്വീകരിക്കപ്പെടുന്നു. ഉടയാടകളുടെ മായക്കാഴ്ചയില്‍ മയങ്ങാതെ ഉണ്മ കണ്ടെത്താനാവണം ഓരോ യാത്രയും. സൃഷ്ടികളിലേക്കെന്നപോലെ സ്രഷ്ടാവിലേക്കുള്ള വഴിദൂരവും അത് എളുപ്പമാക്കിത്തരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."