കോഴിക്കോട്: ജമ്മുകശ്മിരിലെ കത്വയില്‍ ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയോടുള്ള ക്രൂരത കാന്‍വാസില്‍ പകര്‍ത്തി ദില്‍നാ ഷെറിന്റെ ആര്‍ട്ട് ഓഫ് ദി ഹാര്‍ട്ട് ചിത്രപ്രദര്‍ശനം. കത്വ പെണ്‍കുട്ടി മുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ വരെ സമൂഹത്തിനു മുന്നില്‍ ചിത്രങ്ങളിലൂടെ തുറന്നുകാട്ടുകയാണ് ഈ പതിനാറുകാരി.
തനിക്കുചുറ്റും സംഭവിച്ച അതിക്രമങ്ങളാണ് ദില്‍നയുടെ ചിത്രപ്രദര്‍ശനം വരച്ചുകാട്ടുന്നത്. ഭ്രൂണഹത്യയും നിര്‍ഭയമാരും ലഹരിക്കടിപ്പെട്ടവരും തെരുവിലെ ബാലഭിക്ഷാടനവും ഉള്‍പ്പെടെ അറുപതോളം ചിത്രങ്ങളാണ് ലളിത കലാ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ പ്രദര്‍ശനത്തിലുള്ളത്.
മഞ്ചേരി പുല്‍പ്പറ്റ സ്വദേശിനിയായ ദില്‍ന പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ചെറുപ്പത്തില്‍ ചിത്രരചനയില്‍ താല്പര്യം കാണിച്ച ദില്‍ന എട്ടാം ക്ലാസു മുതലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ വരച്ചു തുടങ്ങുന്നത്.
പതിമൂന്നാമത്തെ ചിത്രപ്രദര്‍ശനമാണിത്. ആദ്യം മലപ്പുറത്തെ കോട്ടക്കുന്നിലാണ് പ്രദര്‍ശനം നടത്തിയത്.
ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന് പുരസ്കാരം, കലാശ്രേഷ്ഠ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ഉമാ ബെഹ്റ ഐ.പി.എസ് ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം 22 വരെ നീണ്ടുനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."