ചിത്രകാരന്മാരുടെ കൂട്ടായ്മയില്‍ 140 പേര്‍ക്ക് ചക്രക്കസേര
ചെറുവത്തൂര്‍: ഒരു കൂട്ടം കലാകാരന്‍മാരുടെ നന്മ മനസില്‍ കേരളത്തിലെ 140 പേര്‍ക്ക് ചക്രക്കസേരകള്‍. ചിത്രകാരന്മാരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസാണു വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ചക്രക്കസേരകള്‍ എത്തിച്ചു നല്‍കുന്നത്. സംസ്ഥാനത്താകെ 140 പേര്‍ക്കാണു ചക്രക്കസേരകള്‍ നല്‍കുക.
ചിത്രകലാ രംഗത്തു പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ ചേര്‍ന്ന് ആറുവര്‍ഷം മുന്‍പാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മയ്ക്കു രൂപം നല്‍കിയത്. ഓരോ ജില്ലയില്‍ നിന്നുമുള്ള അംഗങ്ങള്‍ അതാതു ജില്ലയില്‍ നിന്നുള്ള അര്‍ഹരായവരെ കണ്ടെത്തിയാണ് ചക്രക്കസേരകള്‍ നല്‍കുന്നത്.
ജില്ലയിലെ വിതരണോദ്ഘാടനം ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നിര്‍വഹിച്ചു. മാധവന്‍ മണിയറ ഏറ്റുവാങ്ങിയ കസേര ചെറുവത്തൂരിലെ പ്രസീതയ്ക്കു കൈമാറി. വാഹനാപകടത്തില്‍ പരുക്കേറ്റു രണ്ടു വര്‍ഷമായി കിടപ്പിലാണ് പ്രസീത.
കടുമേനി, പെരിയ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജില്ലയില്‍ പത്തുപേര്‍ക്ക് ആദ്യ ദിനത്തില്‍ കസേരകള്‍ നല്‍കി.
എക്‌സോട്ടിക് ഡ്രീംസ് അംഗങ്ങളായ വിപിന്‍ ഇരിട്ടി, ബാബു പാച്ചേനി, ഡാവിഞ്ചി സുരേഷ്, സന്തോഷ് ഒറ്റപ്പാലം, രാകേഷ് പള്ളത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."