കോഴിക്കോട്ടെ നിരോധനാജ്ഞ; ജില്ലാ ഭരണകൂടവും പൊലിസും രണ്ടുവഴിക്ക്
കോഴിക്കോട്: ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയില്‍ തുടരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ആശയക്കുഴപ്പത്തില്‍. പൊലിസ് ആക്ട് പ്രകാരം ജില്ലയില്‍ കലക്ടറും പൊലിസ് ചീഫുമാരും പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ആശയക്കുഴപ്പത്തിനും അവ്യക്തതക്കും ഇടയാക്കിയിരിക്കുന്നത്.
ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് സംഘര്‍ഷസാധ്യതയുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന റൂറല്‍ പരിധിയില്‍ ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസം തന്നെ റൂറല്‍ എസ്.പി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
അവലോകന യോഗത്തിന് ശേഷം സിറ്റി പൊലിസ് കമ്മിഷണര്‍ നഗരപരിധിയില്‍ ഏഴ് ദിവസം പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചുള്ള പ്രത്യേക ഉത്തരവ് പുറത്തിറക്കി. എന്നാല്‍ റൂറല്‍ എസ്.പി പ്രത്യേക ഉത്തരവ് പുറത്തിറക്കിയില്ല. ഇതു സംബന്ധിച്ച് എസ്.പിയുമായി ബന്ധപ്പെട്ടപ്പോള്‍ കലക്ടര്‍ ഉത്തരവ് പുറത്തിറക്കുമെന്നായിരുന്നു വിശദീകരണം. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഏഴ് ദിവസം പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി റൂറല്‍, സിറ്റി പൊലിസ് ചീഫുമാര്‍ ഉത്തരവ് പുറപ്പെടുവിച്ച വിവരം ജില്ലാ ഭരണകൂടം വാര്‍ത്താക്കുറിപ്പായി പുറത്തിറക്കുകയും ചെയ്തു.
എന്നാല്‍, നഗരപരിധിയില്‍ മാത്രമാണ് നിരോധനാജ്ഞയെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് അറിയിച്ചത്. ഇതു സംബന്ധിച്ച് ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ടപ്പോള്‍ ജില്ലയൊട്ടാകെ നിരോധനാജ്ഞയാണെന്നായിരുന്നു വിശദീകരണം. കത്‌വ സംഭവത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ഇന്ത്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ഏക ജില്ലയായി കോഴിക്കോട് മാറിയിരുന്നു. അപ്രഖ്യാപിത ഹര്‍ത്താല്‍ ദിനത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതിരിക്കെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഇന്നലെ നഗരത്തില്‍ നടത്താന്‍ തീരുമാനിച്ച റാലി തടയാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു നിരോധനാജ്ഞ. റാലിക്ക് പൊലിസ് അനുമതി നേരത്തെ നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജില്ലാ ഭരണകൂടവും പൊലിസും തമ്മില്‍ അഭിപ്രായ ഐക്യം ഇല്ലാതെ പോയത്.
നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ ഇന്നലെ കോഴിക്കോട് നഗരപരിധിയിലെ പരിപാടികളും മറ്റും മാറ്റിവച്ചുവെങ്കിലും റൂറല്‍ പരിധിയില്‍ തീരുമാനിച്ച പല പരിപാടികള്‍ക്ക് പൊലിസ് അനുമതി നല്‍കിയിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചുള്ള ഉത്തരവുകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് ഇതു സംബന്ധിച്ച് ലോക്കല്‍ പൊലിസിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."