പാഠം പഠിപ്പിക്കാനുറച്ച് സര്‍ക്കാര്‍:ഹര്‍ത്താല്‍; പ്രതികള്‍ക്കെതിരേ പോക്‌സോ വകുപ്പും
മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് നടപടി തുടരുന്നു. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള കര്‍ശന നടപടിയില്‍ ജില്ലയില്‍ ഇന്നലെ പിടിക്കപ്പെട്ടത് 23 പേര്‍. പൊന്നാനി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് കൂടുതല്‍ അറസ്റ്റ് നടന്നത്. ആറുപേര്‍ ഇവിടെ പിടിയിലായി. മഞ്ചേരി(അഞ്ച്്), വളാഞ്ചേരി(അഞ്ച്), എടക്കര(മൂന്ന്) അറസ്റ്റുകള്‍ക്കുപുറമേ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഒറ്റപ്പെട്ട അറസ്റ്റുകള്‍ വേറെയും നടന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പിടിക്കപ്പെടുന്നവരുട എണ്ണം 400 കടന്നു.
അതേസമയം, ഹര്‍ത്താലില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ പ്രതികാര ബുദ്ധിയോടെയാണ് പൊലിസ് പെരുമാറുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പിഴയടച്ച് മോചിതരാകുന്ന ചെറിയ കേസുകളില്‍വരെ പോക്‌സോ വകുപ്പുകളാണ് ചുമത്തുന്നത്. പ്രതികള്‍ക്ക് മജിസ്‌ട്രേറ്റ് കോടതികളില്‍ നിന്ന് യാതൊരു കാരണവശാലും ജാമ്യം ലഭിക്കരുതെന്ന താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമം തടയല്‍ നിയമം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യന്നത്.
ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരം ഇന്നലെ അറസ്റ്റിലായ നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്തു. വിവിധ കോടതികളില്‍ പ്രതികളുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കേസുകള്‍ പരിഗണിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, പെണ്‍കുട്ടിയുടെ ഫോട്ടോ, പേര് എന്നിവ പ്രചരിപ്പിച്ചതിനുള്ള പോക്‌സോ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തപ്പെട്ട നിരവധി പേരുടെ ജാമ്യാപേക്ഷകള്‍ ഇന്നലെ മജിസ്‌ട്രേറ്റ് കോടതികള്‍ തള്ളി. പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന കോടതിയായിരിക്കും ഇനി ഈ കേസുകള്‍ പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."