സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ ജാഗ്രതാ സമിതികള്‍ ഊര്‍ജിതമാക്കണം: വനിതാ കമ്മിഷന്‍
കോട്ടയം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ജാഗ്രതാസമിതി നിലവില്‍ വരുന്നതോടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കുറവു വരുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഇ.എം. രാധ നിരീക്ഷിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.
കുട്ടികള്‍ പോലും ലൈംഗികചൂഷണത്തിനും അതിക്രമത്തിനും ഇരയാകുന്ന ഈ കാലഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തേണ്ടത് ആവശ്യമാണ്.
ദമ്പതിമാര്‍ തമ്മിലുള്ള കലഹത്തിനപ്പുറം സഹോദരങ്ങള്‍ തമ്മിലും മാതാപിതാക്കന്മാരും കുട്ടികളും തമ്മിലും മറ്റു കുടുംബാംഗങ്ങള്‍ തമ്മിലുമുള്ള കലഹത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പുതുപ്പള്ളിയില്‍ മുത്തച്ഛന്‍ പേരക്കുട്ടിക്കെതിരെ മോഷണക്കുറ്റം ആരോപിച്ചു കൊണ്ടുളള പരാതിയും അദാലത്തില്‍ എത്തി. ചങ്ങനാശേരിയില്‍ സഹോദരന്‍ സഹോദരിക്കെതിരെ കൊടുത്ത സ്വത്ത് സംബന്ധമായ പരാതിയും കമ്മിഷന്‍ പരിഗണിച്ചു. ആകെ 80 പരാതികള്‍ പരിഗണിച്ചതില്‍ 22 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്. ഒന്‍പത് കേസുകള്‍ പൊലിസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അടുത്ത അദാലത്ത് 25ന് നടത്തും. 49 കേസുകളാണ് ഇതില്‍ പരിഗണിക്കുക. വനിതാ കമ്മിഷന്‍ എസ്.ഐ. എല്‍. രമ, വനിതാ സെല്‍ എസ്.ഐ. അനിലാ കുമാരി, അഡ്വ. മീര രാധാകൃഷ്ണന്‍, അഡ്വ. തങ്ക, അഡ്വ. സി.എ. ജോസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."