കാല്‍പ്പന്തുകളിയുടെ ബാലപാഠം പകര്‍ന്ന് ഫാല്‍ക്കണ്‍സ് അക്കാദമി
നടുവണ്ണൂര്‍:കാല്‍പന്തുകളിയില്‍ ചരിത്രം രചിച്ച നിരവധി കളിക്കാരെ സംഭാവന ചെയ്ത തിരുവോട് ഫാല്‍ക്കണ്‍സ് ഫുട്‌ബോള്‍ അക്കാദമി കളിയുടെ ബാലപാഠം പകര്‍ന്ന് പുതിയ തലമുറയെ വാര്‍ത്തെടുക്കുകയാണ്.
അക്കാദമിയുടെ നേതൃത്വത്തില്‍ ക്യാച്ച് ദെം യങ് എന്ന പേരില്‍ സമ്മര്‍ കോച്ചിങ് ക്യാംപ് ആരംഭിച്ചു.കാലത്ത് ആറ് മണി മുതല്‍ വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിശാലമായ മൈതാനിയില്‍ പന്തുരുളാന്‍ തുടങ്ങും.
എട്ടിനും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് പ്രത്യേക സമ്മര്‍ കോച്ചിങ് തുടങ്ങിയത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോച്ചുമാരായ യു.ബിജു,സി.കെ. രതീഷ്, എന്‍.ഐ.എസ് കോച്ചും കേരളഫുട്‌ബോള്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ വൈസ്.പ്രസിഡന്റുമായ സി.കെ അശോകന്‍ മാസ്റ്റര്‍ എന്നിവരാണ് പരിശീലകര്‍.
2011 ല്‍ തുടങ്ങിയ ഫുട്‌ബോള്‍ അക്കാദമിയില്‍ വ്യത്യസ്ത പ്രായത്തിലുള്ള നൂറു കുട്ടികള്‍ നേരത്തേ പരിശീലനം നേടുന്നുണ്ട്. മറ്റു അക്കാദമികള്‍ സെലക്ഷന്‍ നടത്തി കുട്ടികളെ തെരഞ്ഞെടുക്കുമ്പോള്‍ ഫാല്‍ക്കണ്‍സ് ഫുട്‌ബോള്‍ അക്കാദമി താല്‍പര്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു.
കായികപരിശീലനം ഒരു സംസ്‌കാരമായി കാണുകയാണ് ഫാല്‍ക്കണ്‍സ്. അണ്ടര്‍ 10, 12, 14, 16 എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടക്കുന്ന പരിശീലനത്തിന്റെ ദൈനംദിന കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് രക്ഷിതാക്കളുടെ പ്രത്യേക കമ്മറ്റിയാണ്.
പി. സത്യന്‍, എ. വിനോദ്കുമാര്‍, ഇ. സുരേഷ് ബാബു തുടങ്ങിയവരാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. വിദ്യാഭ്യാസ കാര്യത്തിലും വ്യക്തിത്വ വികസനത്തിലും അക്കാദമി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
മോട്ടിവേഷന്‍ ക്ലാസ്, കരിയര്‍ ഗൈഡന്‍സ്, പത്താംതരം വിദ്യാര്‍ഥികള്‍ക്ക് നിശാപഠന ക്യാംപ് ,റസിഡന്‍ഷ്യല്‍ ക്യാംപുകള്‍ എന്നിവയും നടത്തി വരുന്നു. 2016ല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകാരം ലഭിച്ച ഫാല്‍ക്കണ്‍സ് അക്കാദമി ഐ.എം വിജയന്‍ സന്ദര്‍ശിച്ചിരുന്നു.
1970 കളുടെ മധ്യത്തിലാണ് ഫാല്‍ക്കണ്‍സ് ഫുട്‌ബോള്‍ ക്ലബിന്റെ തുടക്കം.1975-76 കാലത്ത് ടാസ്‌ക് വാകയാട്, ബ്രദേഴ്‌സ് വാകയാട് എന്നീ ക്ലബുകള്‍ സജീവമായിരുന്നു.
1976 ലാണ് ഫാല്‍ക്കണ്‍സ് ക്ലബ് രൂപീകൃതമായത്. എന്‍.ഐ.എസ് കോച്ച് സി.കെ അശോകന്‍ മാസ്റ്റര്‍ സ്ഥാപക പ്രസിഡന്റും പരേതനായ പഴവീട്ടില്‍ വേണുഗോപാലന്‍ സെക്രട്ടറിയുമായിരുന്നു.
ഇന്ത്യന്‍ ടീമിലെ ലിഫ്റ്റ് വിങ് ബാക്കായി കളിച്ചപ്രേംനാഥ് ഫിലിപ്പ്, ഈസ്റ്റ് ബംഗാളിന്റെ രാമന്‍ വിജയന്‍ തുടങ്ങി ഒട്ടേറെ അന്താരാഷ്ട്ര താരങ്ങള്‍ഫാല്‍ക്കണ്‍സിന്റെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്.
അഖില കേരള ഫുട്‌ബോള്‍ മത്സരങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച ക്ലബിന് 1995 ല്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗത്വം കിട്ടി.
കൂരികണ്ടി റഷീദ്, ഇ. സന്തോഷ് കുമാര്‍, യു. ബിജു എന്നിവര്‍ ജില്ലയിലെ മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇവിടെ ചരിത്രം ആവര്‍ത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ഒരു കൂട്ടം കളിക്കമ്പക്കാര്‍.ഒപ്പം പ്രാര്‍ത്ഥനയോടെ തിരുവോട് എന്ന ഗ്രാമവും ഫാല്‍ക്കണ്‍സിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."