ജസ്റ്റിസ് ജോസഫിന്റെ ഫയല്‍ കേന്ദ്രം മടക്കി; തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ ഫയല്‍ കേന്ദ്രം മടക്കി. പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രിം കോടതിക്ക് കേന്ദ്രം ഫയല്‍ കൈമാറി. ജോസഫിനേക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്ന് കേന്ദ്രം ആരോപിച്ചു.
സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം മറ്റു ജഡ്ജിമാരേക്കാള്‍ പിന്നിലാണ്. സീനിറിയോറിറ്റിയും അര്‍ഹതയും പരിഗണിക്കാതെയാണ് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കേരളത്തിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും അഭിപ്രായമുള്ളതായും റിപ്പോര്‍ട്ടുണ്ട്.
അതേ സമയം ഹൈക്കോടതിയിലെ മറ്റു ചീഫ് ജസ്റ്റിസുമാരേക്കാളും മുതിര്‍ന്ന ജഡ്ജിമാരേക്കാളും സുപ്രിംകോടതി ജഡ്ജിയാകാന്‍ യോഗ്യനാണ് കെ.എം.ജോസഫെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ ശുപാര്‍ശയിലുണ്ടായിരുന്നത്. കെ.എം.ജോസഫിനോടൊപ്പം ശുപാര്‍ശയിലുണ്ടായിരുന്ന ഇന്ദു മല്‍ഹോത്രയുടെ നിയമനം കഴിഞ്ഞ ദിവസം കേന്ദ്ര നിയമ മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. കൊളീജിയം നിര്‍ദേശിച്ച ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ തള്ളി ഇന്ദു മല്‍ഹോത്രയെ മാത്രം സുപ്രിംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ മറ്റ് ജഡ്ജിമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മൂന്ന് മാസം മുമ്പാണ് കെ.എം.ജോസഫിനെയും ഇന്ദു മല്‍ഹോത്രയേയും സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ കോളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ 2016ല്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കെ.എം.ജോസഫ് തടഞ്ഞതാണ് അദ്ദേഹത്തെ തഴഞ്ഞതിന് പിന്നിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."