പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് മെയ് അഞ്ച്, ആറ് തിയതികളില്‍
മലപ്പുറം: സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി പതിനായിരത്തോളം ഹാജിമാര്‍ സംബന്ധിക്കുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് മെയ് അഞ്ച്, ആറ് തിയതികളില്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് കാംപസില്‍ നടക്കും. ദ്വിദിന ക്യാംപിന്റെ ഉദ്ഘാടനം മെയ് അഞ്ചിന് ഒന്‍പത് മണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രമുഖ ഹജ്ജ് പരിശീലകനും വാഗ്മിയുമായ അബ്ദുസമദ് പൂക്കോട്ടൂരാണ് രണ്ടു ദിവസത്തെ ക്ലാസിന് നേതൃത്വം നല്‍കുന്നത്.
സര്‍ക്കാര്‍, സ്വകാര്യ ഹാജിമാര്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പരിശീലന ക്ലാസാണ് പൂക്കോട്ടൂരിലേത്. ഹജ്ജിനായി വീട്ടില്‍ നിന്നിറങ്ങുന്നത് മുതല്‍ തിരിച്ചെത്തുന്നത് വരെയുള്ള കര്‍മങ്ങളുടെ വിശദമായ പഠനം, പ്രായോഗിക പരിശീലനം, എല്‍.സി.ഡി സഹായത്തോടെ പുണ്യസ്ഥലങ്ങളിലെ പ്രധാന കേന്ദ്രങ്ങളുടെ വിവരണം, സംശയ നിവാരണം എന്നിവയാണ് ക്യാംപിനെ ശ്രദ്ധേയമാക്കുന്നത്.
ക്യാംപില്‍ ആരോഗ്യ, യാത്രാ നിര്‍ദേശങ്ങളും, പുണ്യ സ്ഥലങ്ങളില്‍ പാലിക്കേണ്ട ധാര്‍മിക നിര്‍ദേശങ്ങളും അന്താരാഷ്ട്ര യാത്രാ നിബന്ധനകളും വിശദീകരിക്കും. താമസ, ഭക്ഷണ, മെഡിക്കല്‍ സൗകര്യങ്ങള്‍ സൗജന്യമാണ്. പതിനായിരത്തിലധികം പേര്‍ക്ക് ക്ലാസ് ശ്രദ്ധിക്കാന്‍ കഴിയുംവിധം വാട്ടര്‍ പ്രൂഫ് പന്തല്‍, സി.സി.ടി.വി, മെഡിക്കല്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഹെല്‍പ് ഡെസ്‌ക്, ക്ലോക്ക് റൂം എന്നിവ ക്യാംപില്‍ സജ്ജീകരിച്ചുവരുന്നു.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ പൂക്കോട്ടൂര്‍, അറവങ്കര സ്‌റ്റോപ്പുകളില്‍ വന്നിറങ്ങുന്ന ഹാജിമാരെ ക്യാംപില്‍ എത്തിക്കാന്‍ മുന്നൂറോളം വളണ്ടിയര്‍മാരും ഉണ്ടാകും. ക്യാംപിന്റെ ഒരുക്കങ്ങള്‍ക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വാഗതസംഘവും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ക്യാംപില്‍ താമസസൗകര്യം ആവശ്യമുള്ളവര്‍ 9946106061, 9526335151 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."