അവധിക്കാല അധ്യാപക പരിശീലനം; ഒരു വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുത്ത ഒരു വിഭാഗം അധ്യാപകര്‍ കോഴ്സ് പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കണമെന്ന് നിര്‍ദേശം. ജില്ലാ പ്രൊജക്ട് ഓഫിസര്‍മാര്‍ക്കാണ് നാലുദിവസം മുന്‍പ് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന്റെ മിനുട്സ് ലഭിച്ചത്. നിയമനാംഗീകാരം ലഭിക്കാത്തവരുടെ കോഴ്സ് സര്‍ട്ടിഫിക്കറ്റാണ് താല്‍ക്കാലികമായി പിടിച്ചുവെക്കണമെന്ന് നിര്‍ദേശിച്ചത്. ഇക്കാര്യം പുറത്തുവന്നതോടെ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കണ്ണൂര്‍ സൗത്ത് ഉപജില്ലയിലെ അധ്യാപകര്‍ ഉള്‍പ്പെടെ ഇന്നലെ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ക്ലാസില്‍ പങ്കെടുത്ത എല്ലാ അധ്യാപകര്‍ക്കും കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഇന്നലെ പുതിയ സര്‍ക്കുലറിലൂടെ അറിയിക്കുകയായിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ദിവസവേതനക്കാരായ അധ്യാപകര്‍ക്ക് വേതനം ഉണ്ടാകില്ല. എന്നാല്‍ ഇവര്‍ ഒരു വര്‍ഷത്തിലധികം തുടര്‍ച്ചയായി ജോലി ചെയ്തതായി രേഖകളുണ്ടെങ്കില്‍ ഇവര്‍ക്ക് ക്ലെയിം ലഭിക്കാന്‍ അര്‍ഹതയുണ്ട്.
ഇതുപ്രകാരം അധ്യാപക പരിശീലനത്തിന്റെ കോഴ്സ് സര്‍ട്ടിഫിക്കറ്റ് ജോലി തുടര്‍ച്ചയുടെ തെളിവായി ചിലര്‍ കോടതിയില്‍ ഹാജരാക്കിയതോടെയാണ് നിയമനാംഗീകാരം ലഭിക്കാത്തവരുടെ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നിയമനാംഗീകാരം ലഭിച്ചശേഷം മാത്രം വിതരണം ചെയ്താല്‍ മതിയെന്ന ആലോചന ഉയര്‍ന്നുവന്നത്.
വിവേചനപരമായ നിലപാടിനെതിരേ നിയമനാംഗീകാരം ലഭിക്കാത്തവര്‍ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലായിരുന്നു. അതിനിടെയാണ് വിവാദ മിനുട്സ് ബാധകമല്ലെന്ന് സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്.
നിലവില്‍ എട്ടു ദിവസത്തെ കോഴ്സില്‍ പങ്കെടുക്കുന്ന സ്ഥിര നിയമനം ലഭിച്ച അധ്യാപകര്‍ക്ക് 125 രൂപ മെസ്സ് അലവന്‍സിനു പുറമേ ഒരു ദിവസത്തെ ശമ്പളത്തിനു തുല്യമായ തുകയും കോഴ്സ് സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുക.
എന്നാല്‍ നിയമനാംഗീകാരമില്ലാത്ത അധ്യാപകര്‍ക്ക് മെസ്സ് അലവന്‍സും സര്‍ട്ടിഫിക്കറ്റും മാത്രമാണ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."