തൂവല്‍ - ഈട്ടിത്തോപ്പ് റോഡ് ഉദ്ഘാടനം ഇന്ന്
കട്ടപ്പന: തൂവല്‍ - ഈട്ടിത്തോപ്പ് റോഡ് ഉദ്ഘാടനം ഇന്നുനടക്കും. ജില്ലയിലെ ആദ്യകാല കുടിയേറ്റ ഗ്രാമങ്ങളില്‍ ഒന്നാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പ്രധാന കാര്‍ഷിക മേഖലയായ തൂവല്‍.
നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണെങ്കിലും പ്രദേശത്തേക്ക് സഞ്ചാരയോഗ്യമായ റോഡില്ലാത്തത് വികസനത്തിന് വിലങ്ങുതടിയായിരുന്നു. വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള തൂവല്‍ വെള്ളചാട്ടം അടക്കമുള്ള പ്രദേശങ്ങള്‍ മേഖലയിലുണ്ടങ്കിലും റോഡിന്റെ അഭാവം സഞ്ചാരികളെ ബുദ്ധിമുട്ടിച്ചിരുന്നു.
കുടിയേറ്റത്തിന്റെ തുടക്ക കാലഘട്ടത്തില്‍ നാട്ടുകാര്‍ക്ക് ഗോതമ്പുകൊണ്ടുള്ള ഭക്ഷണംനല്‍കി നിര്‍മിച്ച ഗോതമ്പു റോഡ് എന്നറിയപ്പെട്ടിരുന്ന റോഡുമാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പിന്നീട് മെറ്റലിംഗ് നടത്തിയെങ്കിലും ഇതും പൊളിഞ്ഞ് കാല്‍നടപോലും സാധ്യമാകാത്ത സാഹചര്യമാണുണ്ടായിരുന്നത്. നിലവില്‍ ഹാഡാ പദ്ധതിയിലും ത്രിതല ഗ്രാമപഞ്ചായത്തുകളുടേയും സഹായത്തോടെയാണ് ഈട്ടിത്തോപ്പ് മുതല്‍ തൂവല്‍ വരെയുള്ള ഭാഗം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഹാഡയില്നിന്ന് 30 ലക്ഷവും ജില്ലാ പഞ്ചായത്തില്‍നിന്ന് 10 ലക്ഷവും ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് അഞ്ചുലക്ഷവും ഗ്രാമപഞ്ചായത്തില്‍നിന്നും നാലുലക്ഷവും ഉള്‍പ്പടെ 49 ലക്ഷം രൂപ മുടക്കിയാണ് റോഡ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.
താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്തുനിന്നും ഏറ്റവുംകുറഞ്ഞ ദൂരത്തില്‍ കലക്ടറേറ്റ്, തൊടുപുഴ, തോപ്രാംകുടി തുടങ്ങിയ മേഖലകളിലേക്ക് എത്തുന്ന റോഡാണിത്.ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ന് തൂവല്‍ പേങ്ങോട്ടുതെക്കേല് പടിയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി എം.എം. മണി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."