ജസ്റ്റിസ് കെ.എം ജോസഫിന്‌റെ നിയമനം: ബുധനാഴ്ച കൊളീജിയം ചേരും
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്രം മടക്കിയയച്ചതു ചര്‍ച്ച ചെയ്യാന്‍ സുപ്രിം കോടതി കൊളീജിയം ബുധനാഴ്ച യോഗം ചേരും.
കൊളീജിയം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യോഗം ചേരാന്‍ തീരുമാനം.
അതിനിടെ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് തടസ്സം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കൂടുതല്‍ നിയമവിദഗ്ധര്‍ രംഗത്തെത്തി.
സുപ്രിംകോടതിയിലെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരും നാല് മുന്‍ ജഡ്ജിമാരുമാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പരസ്യമായി പ്രതികരിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ജുഡിഷ്യല്‍ സ്വാതന്ത്ര്യത്തിന്റെ ഹൃദയം തകര്‍ക്കുന്നുവെന്നാണ് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ പറഞ്ഞത്. അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമിക്കുകയും ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനത്തെ എതിര്‍ക്കുകയും ചെയ്ത നടപടി ഇന്ത്യന്‍ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ ഹൃദയം തകര്‍ക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി റദ്ദാക്കിയതിനുള്ള പ്രതികാര നടപടിയാണിത്.
ഇക്കാര്യം വളരെ വ്യക്തമാണെന്നും ലോധ പറഞ്ഞു.
കെ.എം ജോസഫിന്റെ പേര് തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്ന സുപ്രിംകോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ടി.എസ് താക്കൂര്‍ പറഞ്ഞു.
കൊളിജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയതില്‍ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞതിനെയും ചില ജഡ്ജിമാര്‍ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."