അമലിനറിയാം വിയര്‍പ്പിന്റെ വില
സ്വാധീനമില്ലാത്ത കൈകൊണ്ട് കല്ലുചുമന്ന് ബംഗാളി യുവാവ്
പെരിങ്ങത്തൂര്‍ (കണ്ണൂര്‍): ജന്മനാ വലതുകൈക്കു സ്വാധീനമില്ലാതെ സ്വന്തം കുടുംബഭാരംപേറാന് കല്ലുചുമക്കുന്ന ബംഗാളി യുവാവിനെ കണ്ടാല്‍ ആരുടെയും കരളലിയും. പശ്ചിമബംഗാളിലെ ദക്കിന്‍ 24 ജില്ലയിലെ പൊളഗനയില് നിന്നു കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ പെരിങ്ങത്തൂരില്‍ സാഹസികജോലിയിലാണ് അമല്‍ എന്ന ഇരുപത്തിയെട്ടുകാരന്. പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് വീടുനിര്‍മാണ ജോലിക്കെത്തിയ അമല്‍ ജന്മനാ കൈപ്പത്തിയില്ലാതെ വിരലുകള്‍ പിറകോട്ടുനീങ്ങിയ കൈകൊണ്ട് ദിവസവും നൂറോളം കല്ലുകള്‍ ചുമക്കും. അമല്‍ കല്ലുചുമക്കുന്നതു കാണുന്നവരെ നൊമ്പരപ്പെടുത്തുമെങ്കിലും തെല്ലും ക്ഷീണമില്ലാതെ അയാള്‍ പകലന്തിയോളം ജോലിയില്‍ മുഴുകും. ചെങ്കല്ലും കരിങ്കല്ലും ഈ കൈകളില്‍ ഒരുപോലെ വഴങ്ങും. ഇവിടെ നിന്നു കൂലിയായി ലഭിക്കുന്ന പണം ശേഖരിച്ച് നാട്ടിലെത്തി കുടുംബംപുലര്ത്തണമെന്ന സ്വപ്നം അമല്‍ മറച്ചുവച്ചില്ല.
ബംഗാളിലെ കുട്ടികള്‍ ജീവിക്കാന്‍ വേണ്ടി ഇതര സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുകയോ റിക്ഷയുമായി പോവുകയോ ചെയ്യുകയാണെന്നു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു വരുന്ന വിദ്യാര്‍ഥികളെ നോക്കിഅമല് പറയുന്നു. ബംഗാളിലുള്ള കൂടുതല്‍ പേരും ഇപ്പോള്‍ കേരളത്തിലാണ്. അഞ്ചുവര്‍ഷമായി കേരളത്തിലുള്ള അമല്‍ നേരത്തെ ഗുരുവായൂരിലും ജോലി നോക്കിയിട്ടുണ്ട്. നിര്‍ധനകുടുംബത്തിലെ നിസി കന്തൂരിന്റെയും പുല്മണിയുടെയും മകനായ അമലിന് നാലാംക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. വിവാഹ പ്രായമെത്തിയ സഹോദരിയും രണ്ടു സഹോദരങ്ങളുമാണ് അമലിനുള്ളത്. ബംഗാളി സുഹൃത്തുക്കള്‍ക്കൊപ്പം പെരിങ്ങത്തൂരിലാണ് അമലിന്റെ താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."