കാവനൂരിലെ ബ്രിട്ടീഷ് അതിക്രമങ്ങളുടെ കഥ
ഏറനാടും സമീപപ്രദേശങ്ങളും ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരമായ നരനായാട്ടിന് എത്രയോ ദിനരാത്രങ്ങള്‍ സാക്ഷിയായിട്ടുണ്ട്. അതില്‍ പുറംലോകമറിഞ്ഞ ചരിത്രയാഥാര്‍ഥ്യങ്ങളെക്കാള്‍ എത്രയോ ഇരട്ടിയാണ് ഇനിയും വെളിച്ചത്തില്‍ വരാത്തവ. ഏറനാട്ടിലെ ഓരോ ഗ്രാമങ്ങള്‍ക്കും ഇത്തരത്തിലുള്ള നിരവധി ചരിത്രം അയവിറക്കാനുണ്ടാകും. ഏറനാടന്‍ ഗ്രാമമായ കാവനൂരും അതില്‍നിന്നു വ്യത്യസ്തമല്ല. കാവനൂരിന്റെ കണ്ണീരും രക്തവും പുരണ്ട കണ്ണീര്‍ക്കഥകള്‍ ഒരു നൂറ്റാണ്ടോട് അടുക്കുകയാണ്.
കാവനൂരിലും സമീപപ്രദേശമായ ചെമ്പ്രക്കാട്ടൂരും ബ്രിട്ടീഷ് പട്ടാളം അക്രമം അഴിച്ചുവിട്ടത് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു. ഇവിടെയെല്ലാം ബ്രിട്ടീഷ് വിരോധികളുണ്ടെന്ന പ്രചാരണം മാത്രമായിരുന്നു ഈ നരനായാട്ടിന് ഹേതുവായത്. കാവനൂരില്‍ പട്ടാളം ക്യാംപ് ചെയ്തായിരുന്നു അക്രമങ്ങള്‍ അഴിച്ചുവിട്ടത്. കാവനൂരുകാര്‍ക്ക് സൈ്വര്യമായി പുറത്തിറങ്ങാന്‍ പോലും കഴിയാതെയായി. ഗത്യന്തരമില്ലാതെ നാട്ടുകാര്‍ അഭയത്തിനായി കാവനൂര്‍ മേപ്പുറപ്പാട് പ്രദേശത്തെ കോട്ടതടായി കുന്നിന്‍ താഴ്‌വരയില്‍ ഒരുമിച്ചുകൂടി.
ആളുകള്‍ കുന്നിന്‍ താഴ്‌വരയില്‍ തടിച്ചുകൂടിയതു കണ്ട പട്ടാളക്കാര്‍ മലമുകളില്‍ കയറി നിസ്സഹായരായ ജനങ്ങള്‍ക്കുനേരെ നിറയൊഴിയിച്ചു. പട്ടാളക്കാരുടെ ക്രൂരകൃത്യങ്ങള്‍ പെരുകിയപ്പോള്‍ കൊണ്ടോട്ടിയില്‍നിന്ന് തങ്ങളുടെ സന്ദേശമെത്തി. എല്ലാവരോടും കൊണ്ടോട്ടിയില്‍ എത്താനായിരുന്നു ആഹ്വാനം. സ്ത്രീകളും കുട്ടികളും ചേര്‍ന്ന ഒരു വമ്പിച്ച ജനാവലി കാല്‍നടയായി കുഴിമണ്ണ-ഒഴുകൂര്‍ വഴി കൊണ്ടോട്ടിയിലേക്കു യാത്രയായി. മൂന്നാം ദിവസമാണ് സംഘം കൊണ്ടോട്ടിയില്‍ എത്തിയത്. തങ്ങള്‍ കോട്ടപ്പുറത്ത് തമ്പടിച്ചിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കണ്ട് നിരപരാധികളായ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് ധരിപ്പിച്ചു. ഉടന്‍ പരിഹാരം ഉണ്ടാക്കാമെന്നും ജനങ്ങള്‍ അവരുടെ നാട്ടിലേക്കുതന്നെ തിരിച്ചുപോകണമെന്നും ബ്രിട്ടീഷ് അധികാരി ആജ്ഞാപിച്ചു. കൊണ്ടോട്ടിയിലേക്കുള്ള യാത്രയിലും തിരിച്ചുള്ള യാത്രയിലും ഗര്‍ഭിണികളായ സ്ത്രീകളും പ്രായം ചെന്നവരും പിഞ്ചുകുട്ടികളും വരെ ഉണ്ടായിരുന്നു. പലരും അവശരായി വഴിയില്‍ വീണു. ഗര്‍ഭിണികള്‍ വഴിയില്‍ പ്രസവിക്കുക വരെ ചെയ്തു.
കാവനൂര്‍ പട്ടാള അധികൃതര്‍ക്ക് കൊടുക്കാനായി കൊണ്ടോട്ടി തങ്ങളുടെ കത്തുമായി യാത്രാസംഘം കാവനൂരിലേക്കു മടങ്ങി. കാവനൂര്‍ മാമ്പുഴയിലെ മുണ്ടക്കാപറമ്പന്‍ വീരാന്‍കുട്ടിയുടെ വീട്ടിലാണ് അവര്‍ അഭയം പ്രാപിച്ചത്. അന്നതു വനപ്രദേശമായിരുന്നു.
പെട്ടെന്ന് ബ്രിട്ടീഷുകാരുടെ ദൃഷ്ടിയില്‍പെടാതിരിക്കാനാണ് ഈ വീട് തിരഞ്ഞെടുത്തത്. പരേതനായ താഴത്തീടന്‍ മരക്കാരും അദ്ദേഹത്തിന്റ ഒരു സുഹൃത്തും സംസാരിച്ചു നടന്നുവരുന്നതു കണ്ട പട്ടാളം അവരെ പിന്തുടര്‍ന്നു. അവര്‍ ഓടിച്ചെന്നത് പ്രദേശത്തുക്കാര്‍ തമ്പടിച്ചിരുന്ന മുണ്ടക്കാപറമ്പന്‍ വീരാന്‍കുട്ടിയുടെ വീട്ടിലേക്കായിരുന്നു. അപ്രതീക്ഷിതമായി വീട്ടില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ബ്രിട്ടീഷ് പട്ടാളം മുന്നറിയിപ്പോ ചോദ്യമോ ഇല്ലാതെ തുരതുരാ വെടിവയ്ക്കാന്‍ തുടങ്ങി. വീട്ടുടമ വീരാന്‍കുട്ടി ജനല്‍ തുറന്ന് കൊണ്ടോട്ടി തങ്ങളുടെ എഴുത്ത് ഉയര്‍ത്തിക്കാട്ടി. ഇതു കണ്ട പട്ടാളക്കാരന്‍ എഴുത്ത് പുറത്തേക്കു കൊണ്ടുവരാന്‍ പറഞ്ഞു. അത് ഒരു തന്ത്രമായിരുന്നെന്ന് വീരാന്‍കുട്ടി ചിന്തിച്ചില്ല.
പട്ടാളത്തെ വിശ്വസിച്ച വീരാന്‍കുട്ടി വീടിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട മാത്രയില്‍ പട്ടാളം ആ നിരപരാധിയുടെ മേല്‍ നിറയൊഴിച്ചു. എഴുത്ത് ആരുടേതെന്നറിയാനോ, ഉള്ളടക്കം മനസിലാക്കാനോ തുനിയാതെ അകത്തേക്ക് പാഞ്ഞുകയറി വീടിനുള്ളില്‍ വാതംപിടിച്ച് അവശനായി കിടക്കുകയായിരുന്നു കോളപ്പറ്റ മമ്മദിനെ താങ്ങിയെടുത്ത് പുറത്തെ തിണ്ണയിലിരുത്തി പട്ടാളം വെടിവച്ചു കൊന്നു. ശേഷം വീടിനു തീവച്ചു. വീടിനകത്ത് സ്ത്രീകളും പിഞ്ചുകുട്ടികളുമടക്കം നൂറില്‍പരം ആളുകളാണ് ആളിപ്പടര്‍ന്ന അഗ്നിയില്‍ പൂട്ടിയിട്ട വീടിനുള്ളില്‍ വെന്ത് പിടഞ്ഞുമരിച്ചത്.
എന്നാല്‍ താഴത്തീടന്‍ മരക്കാരുടെ സാഹസിക പ്രവര്‍ത്തനം കൊണ്ട് പലരെയും രക്ഷപ്പെടുത്താനായി. മണ്ണില്‍തൊടി മുഹമ്മദ് മൊല്ല, തൊട്ടിയന്‍ ചെക്കോയി, പോക്കര്‍ തുടങ്ങിയവര്‍ രക്ഷപ്പെട്ടവരില്‍ ചിലരാണ്. അഗ്നിയില്‍ വെന്തെരിഞ്ഞ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും തൊട്ടടുത്ത കല്ലുവെട്ട് കുഴിയില്‍ കൂട്ടത്തോടെ മറവ് ചെയ്യുകയായിരുന്നു. നിര്‍ഭാഗ്യരായ ആ മനുഷ്യരുടെ ഖബറിടം മറക്കാനാവാത്ത കണ്ണീര്‍ക്കഥകളുടെ സ്മാരകമായി കാവനൂരില്‍ ഇന്നും നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."