നേപ്പാളിലെ 'ഇന്ത്യന്‍ മുജാഹിദ് മേധാവി'യെ ഒരു മാസത്തിനുശേഷം വെറുതെവിട്ടു
ന്യൂഡല്‍ഹി: നേപ്പാളിലെ ഇന്ത്യന്‍ മുജാഹിദീന്‍ തലവനെന്നും ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനായി പാകിസ്താനികള്‍ക്കു പരിശീലനം നല്‍കിയെന്നും ആരോപിച്ചു ഡല്‍ഹി പൊലിസ് അറസ്റ്റ്‌ചെയ്ത അഹ്മദ് അന്‍സാരിയെ ഒരു മാസത്തിനു ശേഷം തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. നേപ്പാളിലെ ഇന്ത്യന്‍ മുജാഹിദീന്‍ തലവനെന്നായിരുന്നു അന്‍സാരി അറസ്റ്റിലാകുമ്പോള്‍ ഡല്‍ഹി പൊലിസിന്റെ അവകാശവാദം.
സ്വീകാര്യമായ തെളിവുകള്‍ നല്‍കുന്നതില്‍ ഡല്‍ഹി സ്‌പെഷല്‍ സെല്‍ പരാജയപ്പെട്ടതിനാലാണ് അന്‍സാരിയെ വെറുതെവിടുന്നതെന്നു ഡല്‍ഹി പ്രത്യേക കോടതി ജഡ്ജി രീതീഷ് സിങ് പറഞ്ഞു. കഴിഞ്ഞ മാസം ഏഴിനാണ് അന്‍സാരിയെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായവര്‍ നല്‍കിയ മൊഴിപ്രകാരമാണ് അന്‍സാരിക്കെതിരേ കുറ്റപത്രം തയാറാക്കിയതെന്നാണ് പൊലിസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഇത്തരം മൊഴികള്‍ കേസിനു മതിയായ തെളിവുകളല്ലെന്നു വ്യക്തമാക്കി 51കാരനായ അദ്ദേഹത്തെ വെറുതെവിടാന്‍ ജഡ്ജി ഉത്തരവിടുകയായിരുന്നു.
കുറ്റപത്രത്തില്‍ ആരോപിക്കുന്നവയ്ക്ക് ഒരു തെളിവുപോലും കൊണ്ടുവരാന്‍ പ്രോസികൂഷനു കഴിഞ്ഞില്ലെന്ന് അന്‍സാരിയുടെ അഭിഭാഷകന്‍ എസ്.എം ഖാന്‍ പറഞ്ഞു. 1993ല്‍ മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ടു ഡല്‍ഹിയില്‍വച്ച് 1991ലാണ് അന്‍സാരി ആദ്യം അറസ്റ്റിലാകുന്നത്.
പിന്നീട് ഡല്‍ഹി- ഹൗറ എക്‌സ്പ്രസില്‍ ബോംബ് വച്ചെന്ന കുറ്റവും അദ്ദേഹത്തിനെതിരേ ചുമത്തുകയുണ്ടായി. 2001ല്‍ ഈ കേസില്‍ പരോളില്‍ കഴിയവേ, അന്‍സാരി നേപ്പാളിലേക്കു മുങ്ങിയെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍, വ്യാജരേഖകള്‍ ചമച്ചു പാസ്‌പോര്‍ട്ടുണ്ടാക്കിയ കേസില്‍ കാട്മണ്ഡുവില്‍ വച്ചു പിടിയിലായ അന്‍സാരി കഴിഞ്ഞവര്‍ഷം നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ജയില്‍ തകര്‍ന്നതോടെ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇന്ത്യയിലെത്തിയ അദ്ദേഹത്തെ ഉത്തര്‍പ്രദേശില്‍ വച്ചാണ് അറസ്റ്റ്‌ചെയ്തതെന്നാണ് ഡല്‍ഹി സ്‌പെഷല്‍ സെല്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."