വിഴിഞ്ഞത്ത് കടല്‍ ക്ഷോഭം: നൂറിലധികം വള്ളങ്ങള്‍ക്ക് കേടുപാട്
വിഴിഞ്ഞം: ശക്തമായ കടല്‍ ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചിരുന്ന നൂറിലധികം വള്ളങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ മഴയെയും കാറ്റിനെയും തുടര്‍ന്നാണ് കടല്‍ക്ഷോബമുണ്ടായത്. സീസണ്‍ പ്രതീക്ഷിച്ച് വള്ളങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തി മത്സ്യബന്ധനം നടത്താന്‍ തയ്യാറായിരുന്ന നൂറു കണക്കിന് തൊഴിലാളികള്‍ ഇതോടെ പ്രതിസന്ധിയിലായി. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് അടുപ്പിച്ചിരുന്ന വള്ളങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചാണ് കേടുപാടുണ്ടായത്.
ഇതില്‍ അന്‍പതോളം വള്ളങ്ങള്‍ക്ക് സാരമായി നാശം സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനു പുറമേ വലകള്‍ ഉള്‍പ്പെടയുള്ള മത്സ്യബന്ധനഉപകരണങ്ങള്‍ കാണാതായതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സീസണ്‍ സമയമായതിനാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും നിരവധി വള്ളങ്ങള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചിരുന്നു.കടല്‍ക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് തീരത്തെത്തിയ മത്സ്യത്തൊഴിലാളികളധികവും വള്ളമിറക്കിയില്ല.
സംഭവമറിഞ്ഞ് എം.വിന്‍സെന്റ് എം.എല്‍.എ,ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ സലിം,വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സതീശന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."