പ്രതിഷേധ ഭയം: മോദിയുടെ റാലിയില്‍ കറുപ്പുള്ളതൊന്നും ധരിക്കാനോ കൊണ്ടുവരാനോ പാടില്ലെന്ന് പൊലിസ്
റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളില്‍ കറുപ്പ് നിറത്തിലുള്ള ഒന്നും ധരിക്കരുതെന്ന് പൊലിസിന്റെ നിര്‍ദേശം. ജാര്‍ഖണ്ഡ് പൊലിസാണ് ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. പലാമു, ലത്തേഹാര്‍, ഗര്‍ഹ്വാ, ഛാത്ര അതോറിറ്റികള്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം ലഭിച്ചത്.
ജനുവരി അഞ്ചിന് നടക്കുന്ന റാലിയില്‍ പാരാ-ടീച്ചര്മാര് മോദിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലിസിന്റെ ഇടപെടല്‍.
പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കാനോ കൊണ്ടുവരാനോ അനുവദിക്കരുതെന്നാണ് കത്തില്‍ പറയുന്നത്. കറുത്ത നിറത്തിലുള്ള പാന്റ്, ഷര്‍ട്ട്, കോട്ട്, ടൈ, ഷൂ, ബാഗ് തുടങ്ങി ഒന്നും അനുവദിക്കില്ല. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ വാരണാസിയില്‍ നടന്ന റാലികളിലും കറുപ്പ് നിറത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ റാലി വേദിയിലേക്ക് കറുത്ത വസ്ത്രം ധരിച്ചവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."