പുതുവത്സരാഘോഷം: എ.എസ്.ഐക്ക് വെട്ടേറ്റു
ഉദുമ(കാസര്‍കോട്): പുതുവത്സര ദിനത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ എ.എസ്.ഐക്ക് വെട്ടേറ്റു. സംഭവത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ എ.എസ്.ഐയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ സ്റ്റേഷനിലെ എ. എസ്.ഐ കരിവെള്ളൂരിലെ ജയരാജനാണ് (50) വെട്ടേറ്റത്.
തലക്കും പുറത്തുമാണ് വെട്ടേറ്റത്. തലയുടെ എല്ലിന് പൊട്ടലുള്ളതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലാണ് ഡോക്ടര്‍മാര്‍. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന പൊലിസുകാരനും പരുക്കേറ്റിട്ടുണ്ട്. ഇതിനു പുറമെ അക്രമികള്‍ പൊലിസ് ജീപ്പ് അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കളനാട് കവലയില്‍ എ.എസ്.ഐയും എ.ആര്.ക്യാംപിലെ സനീഷ് എന്ന പൊലിസുകാരനും ജീപ്പ് ഡ്രൈവറും പട്രോളിങ് നടത്തുന്നതിനിടയിലാണ് സംഭവം. സംഭവത്തിനു തൊട്ടു മുമ്പ് ഉദുമയില്‍ വച്ച് ഒരു ബൈക്ക് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് സ്റ്റേഷനില്‍ എത്തിക്കാന്‍ പോയതായിരുന്നു. ഇതേ തുടര്‍ന്ന് കളനാട് കവലയില്‍ പൊലിസ് ജീപ്പില്‍ എ.എസ്.ഐയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. പാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് എട്ടംഗ സംഘം നൃത്തം ചെയ്യുന്നത് കണ്ട് ഇവരെ പാതയുടെ അരികിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം അക്രമം നടത്തിയത്. പൊലിസ് ജീപ്പ് ഡ്രൈവര്‍ അക്രമികളുടെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെട്ട് ബേക്കല്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും സംഭവ സ്ഥലത്തേക്ക് എത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് എ.എസ്.ഐ പാതയില്‍ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ഉദുമയിലുള്ള ആശുപത്രിയിലും തുടര്‍ന്ന് കാസര്‍ക്കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ഡ്രൈവറെ ഉദുമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികളെ തിരിച്ചറിഞ്ഞതായി ബേക്കല്‍ പൊലിസ് പറഞ്ഞു. കളനാട് പ്രദേശത്തിന് പുറത്തുള്ളവരാണ് അക്രമികളെന്നാണ് സൂചന. അക്രമിസംഘത്തിലെ ഒരാള്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഇയാള്‍ പൊലിസ് നിരീക്ഷണത്തിലാണ്.
എ.എസ്.ഐ യുവാക്കളുടെ ചിത്രം മൊബൈലില്‍ എടുക്കാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. അക്രമികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു. സംഭവം അറിഞ്ഞ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബേക്കലിലെത്തി. അക്രമികളെ പിടികൂടാന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."