ലോക കേരളസഭയെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്; പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍
ജലീല്‍ അരൂക്കുറ്റി
തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം യു.ഡി.എഫ് ബഹിഷ്‌കരിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക കേരളസഭയെ പിന്തുണച്ചും അഭിനന്ദിച്ചും എഴുതിയ കത്ത് മുഖ്യമന്ത്രി പുറത്തുവിട്ടത് വിവാദമായി. മുഖ്യമന്ത്രി കത്തിന് നല്‍കിയ മറുപടിയെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തിനായി ഉപയോഗിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രതിരോധവുമായി രംഗത്തെത്തി.
രാഹുല്‍ ലോകകേരള സഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് അയച്ച സന്ദേശം മുഖ്യമന്ത്രി ഇന്നലെ ട്വിറ്ററില്‍ പങ്കുവെച്ചു. മലയാളി പ്രവാസി ലോകത്തെ ബന്ധിപ്പിക്കുന്ന പ്രധാനവേദിയാണ് ലോക കേരള സഭയെന്ന രാഹുലിന്റെ സന്ദേശത്തിലെ വരികള്‍ എടുത്തുകാട്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ട്വീറ്റ്. രാഹുലിന്റെ ആശംസയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ട്വീറ്റ്.
മുഖ്യമന്ത്രിയുടെ ട്വീറ്റിനെ തുടര്‍ന്ന് ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷനിലപാടിനെതിരെ രാഹുല്‍ ഗാന്ധിയുടെ സന്ദേശം സര്‍ക്കാര്‍ ആയുധമാക്കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി പ്രശംസിച്ചത് ലോകകേരള സഭയെ അല്ലെന്നും പ്രവാസികളെയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
രാഹുലിന്റെ മാന്യതയെ ഒരു മുഖ്യമന്ത്രി ചൂഷണം ചെയ്യുന്നത് ശരിയല്ല. രാഹുല്‍ ഡിസംബര്‍ 12നാണ് സന്ദേശം അയച്ചത്. യു.ഡി.എഫ് ലോകകേരള സഭ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത് ഡിസംബര്‍ 20നാണ്. കുട്ടികള്‍ മണ്ണുതിന്ന് വിശപ്പടക്കുന്ന നാട്ടിലാണ് കോടികളുടെ മാമാങ്കം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും രാഹുല്‍ ഗന്ധിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി നല്‍കിയ കത്തിനു മറുപടിയായി പ്രവാസികളെ പ്രശംസിച്ച രാഹുല്‍ഗാന്ധിയുടെ അന്തസ്സാര്‍ന്ന നടപടിയെ മുഖ്യമന്ത്രി രാഷ്ട്രീയ ഗൂഢലക്ഷ്യത്തിന് ഉപയോഗിച്ചത് ശരിയായില്ല.
മുഖ്യമന്ത്രിയുടെ നടപടി വിലകുറഞ്ഞതും തരംതാണതുമാണ്. രാഹുല്‍ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് മലയാളികളായ പ്രവാസികള്‍ ഗള്‍ഫില്‍ നല്‍കിയത്. ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും രാഹുല്‍ ഗാന്ധി ലോക കേരളസഭയോട് പ്രതികരിച്ചത്. വരികള്‍ക്കിടയിലൂടെ വായിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കേണ്ട ആവശ്യമില്ല. ലോകകേരള സഭയെന്ന തത്വത്തിന് തുടക്കം മുതല്‍ തനിക്ക് എതിര്‍ അഭിപ്രായമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ പ്രവാസ സ്‌നേഹം തട്ടിപ്പാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. കത്ത് നേരത്തെ അയച്ചതാണെന്നും ഇത് സംസ്ഥാന നേതൃത്വത്തിന്റെ തള്ളുന്ന നടപടിയല്ലെന്നും എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ദേശീയനേതൃത്വം സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി സംരംഭകന്‍ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ലോകകേരള സഭയില്‍ നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് ജനപ്രതിനിധികളും രാജിവെച്ചിരുന്നു. ഒന്നാം ലോക കേരള സഭയെ പിന്തുണച്ച യു.ഡി.എഫ് രണ്ടാം സമ്മേളനം ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളും സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. ഇത് സമ്മേളനത്തിന്റെ പങ്കാളിത്വത്തിന്റെ ശോഭ കെടുത്തിയിരുന്നു.
മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്രസഹമന്ത്രി വി. മുരളീധരനും സമ്മേളനം സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ബഹിഷ്‌കരിച്ചു. കേരളത്തിലെ നേതാക്കളെ രാഷ്ട്രീയം നോക്കാതെ സ്വീകരിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ കേരളത്തിലെ നേതാക്കളും ഐക്യപ്പെടണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത് വ്യവസായി എം.എ യുസഫലി പറഞ്ഞു.
സമ്മേളനഹാളിലെ കസേരകള്‍ നവീകരിച്ചതിനെതിരെ വിമര്‍ശിച്ചതിനെ പ്രവാസികള്‍ ഇതിനേക്കാള്‍ നല്ല കസേരയില്‍ ഇരിക്കുന്നവരാണെന്നും അതിന് യോഗ്യരാണെന്നും അദ്ദേഹം പരോക്ഷമായി മറുപടി പറയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."