നാലു മാസത്തിനിടെ 25 ലക്ഷം ഉംറ വിസ അനുവദിച്ചതായി മന്ത്രാലയം
ജിദ്ദ: നാലു മാസത്തിനിടെ വിദേശ തീർഥാടകർക്ക് 25 ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം. മുഹറം ഒന്നു മുതൽ ജമാദുൽ അവ്വൽ ഏഴു വരെയുള്ള കാലത്ത് ആകെ 25,70,809 ഉംറ വിസകളാണ് അനുവദിച്ചത്. ഇതിൽ 22,41,014 തീർഥാടകർ പുണ്യഭൂമിയിലെത്തി. 17,95,085 പേർ ഉംറയും സിയാറത്തും പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങി.
തീർഥാടകരിൽ 21,20,677 പേർ വിമാന മാർഗവും 3928 പേർ കപ്പൽ മാർഗവുമാണ് രാജ്യത്തെത്തിയത്. അവശേഷിക്കുന്നവർ കര മാർഗം എത്തി. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് പാക്കിസ്ഥാനിൽനിന്നാണ്. 5,32,634 തീർഥാടകർ നാലു മാസത്തിനിടെ എത്തി.
ഇന്തോനേഷ്യയിൽ നിന്ന് 4,77,554 തീർഥാടകരും ഇന്ത്യയിൽനിന്ന് 2,80,388 പേരും മലേഷ്യയിൽ നിന്ന് 1,20,714 തീർഥാടകരും ഈജിപ്തിൽ നിന്ന് 1,20,609 പേരും തുർക്കിയിൽ നിന്ന് 88,706 പേരും അൾജീരിയയിൽ നിന്ന് 85,605 തീർഥാടകരും ബംഗ്ലാദേശിൽ നിന്ന് 83,397 പേരും യു.എ.ഇയിൽ നിന്ന് 51,952 പേരും ഫലസ്തീനിൽ നിന്ന് 39,547 തീർഥാടകരും പുണ്യഭൂമിയിലെത്തി.
ഉംറ തീർഥാടകർക്കുള്ള സമഗ്ര ഇൻഷുറൻസ് നടപ്പാക്കിത്തുടങ്ങിയതായി ഹജ്, ഉംറ മന്ത്രാലയത്തിലെ മീഡിയ സെന്റർ സൂപ്പർവൈസർ ജനറൽ അയ്മൻ ബിൻ മുഹമ്മദ് അൽഅർഫജ് അറിയിച്ചു. കഴിഞ്ഞ മാസമാണ് ഉംറ തീർഥാടകർക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. ജനുവരി ഒന്നു മുതൽ ഇത് നടപ്പാക്കിത്തുടങ്ങി. ഉംറ വിസയെ ഇൻഷുറൻസ് പോളിസിയുമായി ബന്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സഊദിയിൽ പ്രവേശിക്കുന്ന നിമിഷം മുതൽ തീർഥാടകർക്ക് പോളിസി പ്രകാരമുള്ള പരിരക്ഷകൾ ലഭിക്കും.
തആവുനിയ ഇൻഷുറൻസ് കമ്പനി വഴിയാണ് തീർഥാടകർക്ക് ഇൻഷുറൻസ് നടപ്പാക്കുന്നത്. ആദ്യത്തെ രണ്ടു ദിവസത്തിനിടെ 8452 തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി അനുവദിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് ഇൻഷുറൻസ് പോളിസി പ്രയോജനപ്പെടുത്തുന്നതിന് തീർഥാടകർക്ക് സാധിക്കും. തീർഥാടകരുടെ പാസ്‌പോർട്ട് നമ്പറുകൾ വഴിയാണ് ഇൻഷുറൻസ് പോളിസി തിരിച്ചറിഞ്ഞ് അതു പ്രകാരമുള്ള പരിരക്ഷകൾ നൽകുക.
വിമാന സർവീസുകൾക്ക് കാലതാമസം നേരിടൽ, സർവീസുകൾ റദ്ദാക്കൽ, അപകടങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും അകപ്പെടൽ എന്നീ സാഹചര്യങ്ങളിലെല്ലാം ഇൻഷുറൻസ് പോളിസി പ്രകാരം തീർഥാടകർക്ക് നഷ്ടപരിഹാരം ലഭിക്കും.
അപകടങ്ങളിൽ മരണപ്പെടുന്ന തീർഥാടകരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും ലഭിക്കും.
കൂടാതെ തീർഥാടകരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ചെലവും ഇൻഷുറൻസ് കമ്പനി വഹിക്കുമെന്ന് അയ്മൻ ബിൻ മുഹമ്മദ് അൽഅർഫജ് പറഞ്ഞു.
സമഗ്ര ഇൻഷുറൻസ് പോളിസി നിരക്കായി വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകർ 189 റിയാലാണ് അടയ്‌ക്കേണ്ടത്. ഒരു മാസ കാലാവധിയുള്ള ഇൻഷുറൻസ് പോളിസി ആണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."