ശിശുമരണം രാജസ്ഥാനില്‍ മാത്രമല്ല; ഗുജറാത്തിലുമുണ്ട്
അഹമ്മദാബാദ്: രാജസ്ഥാനിലെ കോട്ടയില്‍ ജെ.കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ച്ചയായി കുട്ടികള്‍ മരിക്കുന്നതു വിവാദമായതിനു പിന്നാലെ ഗുജറാത്തിലും സമാനമായ സംഭവം നടന്നെന്ന് വിവരം. ഗുജറാത്തിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളിലായി ഒരു മാസത്തിനിടെ 219 കുട്ടികള്‍ മരിച്ച വാര്‍ത്ത പുറത്തുവന്നതോടെ രാജസ്ഥാനിലെ വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്ന ബി.ജെ.പി പ്രതിരോധത്തിലുമായി.
അഹമ്മദാബാദിലെ ആശുപത്രിയില്‍ 85 കുട്ടികളും രാജ്ഘട്ടിലെ ആശുപത്രിയില്‍ 134 കുട്ടികളുമാണ് ഒരു മാസത്തിനിടെ മരിച്ചത്. സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് രൂപാനി ഇതുവരെ പ്രതികരിക്കാത്തതും വിവാദമായിട്ടുണ്ട്. നേരത്തെ, രാജസ്ഥാനിലെ ആശുപത്രിയിലെ കുട്ടികളുടെ മരണവാര്‍ത്ത പുറത്തുവന്നപ്പോള്‍ അമിത് ഷായും യോഗി ആദിത്യനാഥുമടക്കമുള്ള ബി.ജെ.പി നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഗുജറാത്തിലെ രണ്ട് ആശുപത്രികളിലെ ശിശുമരണവുമായി ബന്ധപ്പെട്ട ചോദ്യത്തോടു മുഖ്യമന്ത്രി വിജയ് രൂപാനി പ്രതികരിച്ചില്ല.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഇത്രയും കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം രാജ്ഘട്ടിലെ ആശുപത്രിയില്‍ മാത്രം ആയിരത്തി മുന്നൂറോളം കുട്ടികള്‍ മരിച്ചതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."