ക്ഷീണം തീര്‍ക്കാന്‍ ബോളിവുഡിന് ക്ഷണം
മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്തു ശക്തമാകുകയും കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും പ്രതിരോധത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍, നിയമത്തിന് അനുകൂലമായ വികാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളുമായി കേന്ദ്രം.
പാര്‍ട്ടിക്കു കീഴില്‍ രാജ്യത്തു നടക്കുന്ന ഗൃഹസമ്പര്‍ക്കമടക്കമുള്ള പരിപാടികള്‍ക്കു പുറമേ, നിയമത്തെ അനുകൂലിച്ച് ബോളിവുഡ് നടീനടന്‍മാരെ ഇറക്കാനാണ് പാര്‍ട്ടിയുടെ പുതിയ പദ്ധതി.
ഇതിനായി ഇന്നലെ രാത്രി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബോളിവുഡ് താരങ്ങളുടെ യോഗം വിളിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ജയ് പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം ഇന്നലെ രാത്രി മുംബൈയിലെ ഹോട്ടലില്‍ ബോളിവുഡ് താരങ്ങള്‍ക്കു വിരുന്ന് നടന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രചാരണങ്ങളുടെ കള്ളത്തരം ബോധ്യപ്പെടുത്താനാണ് യോഗമെന്നാണ് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കുന്നത്.
ബോളിവുഡ് താരങ്ങളായ റിച്ച ചദ്ദ, ജാക്കി ഷ്രോഫ്, സുനില്‍ ഷെട്ടി, രവീണ ടാന്‍ഡണ്‍, കബീര്‍ ഖാന്‍, രാജ്കുമാര്‍ ഹിരാനി, മധൂര്‍ ബന്ദര്‍കര്‍, ബോണി കപൂര്‍, പ്രഹ്‌ളാദ് കക്കാര്‍ തുടങ്ങിയവരെയാണ് വിരുന്നിലേക്കു ക്ഷണിച്ചിരുന്നത്. അനു മാലിക്, രമേശ് തൗറാനി, രാഹുല്‍ റവായില്‍, ഷാന്‍, പ്രസൂണ്‍ ജോഷി, കുണാല്‍ കോലി, രൂപ്കുമാര്‍ റാത്തോഡ്, ഭൂഷണ്‍ കുമാര്‍, രണ്‍വീര്‍ ഷെറോയ്, അഭിഷേക് കപൂര്‍, ശശി രഞ്ജന്‍, അനു രഞ്ജന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തിനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, നേരത്തേതന്നെ പൗരത്വ നിയമ ഭേദഗതിക്കെതിരേ ശക്തമായി രംഗത്തെത്തിയ താരങ്ങളായ സ്വരാ ഭാസ്‌കര്‍, അനുരാഗ് കശ്യപ്, നിഖില്‍ അഡ്വാനി, സുഷാന്ത് സിങ് തുടങ്ങിയവരെ പരിപാടിക്കു ക്ഷണിച്ചിട്ടില്ല.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരേ നിലപാടെടുക്കണമെന്നും രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന് അദ്ദേഹത്തിന്റെ പ്രധാന ഉപദേഷ്ടാവ് പവന്‍ കുമാര്‍ കത്തെഴുതി. പാര്‍ട്ടിയുടെ നിലപാട് പരസ്യമാക്കണമെന്നാണ് ഇതില്‍ പവന്‍ കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ മാസം 19നു ശേഷമായിരിക്കും ഈ വിഷയത്തില്‍ നിതീഷ്‌കുമാര്‍ നിലപാട് വ്യക്തമാക്കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ആക്രമണങ്ങള്‍ക്ക് പ്രേരണ രാഹുലും
പ്രിയങ്കയുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്കു പ്രേരണ നല്‍കുന്നത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണെന്ന് അമിത് ഷാ. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ബൂത്തുതല ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം സംബന്ധിച്ച് ഇരുവരും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്ന് അവര്‍ പ്രചാരണം നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."