ട്രെയ്നില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി
കണ്ണൂര്‍: മംഗളൂരുവില്‍ നിന്നു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയ്നില്‍ നിന്ന് മഴുകള്‍ കണ്ടെടുത്തു. ഇന്നലെ രാവിലെ എത്തിയ ഏറനാട് എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണ് 17 മഴുകള്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ലഗേജുകള്‍ വയ്ക്കുന്ന റാക്കില്‍ ലതര്‍ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മഴുകള്‍. റെയില്‍വേ സംരക്ഷണ സേനയും റെയില്‍വെ പൊലിസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ പിടികൂടിയത്.
റെയില്‍വെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ടു പൊലിസ് ആരെയും പിടികൂടിയിട്ടില്ല. വിറക് വെട്ടാന്‍ ഉപയോഗിക്കുന്നതല്ല മഴുവെന്നാണു പൊലിസിന്റെ പ്രാഥമിക നിഗമനം. തലശ്ശേരി മേഖലയില്‍ അക്രമികള്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ആയുധമെന്നാണു പൊലിസ് സൂചന. ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ എ.പി വേണു, എസ്.ഐ സുമിത്ത്, റെയില്‍വേ എസ്.ഐ സുരേന്ദ്രന് കല്യാടന്‍, എ.എസ്.ഐ ശ്രീലേഷ്, റഷീദ്, മഹേഷ്, വി. ശ്രീകാന്ത്, കെ.കെ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."