നെടുമങ്ങാട്ടെ സംഘ്പരിവാര്‍ ആക്രമണം ആസൂത്രിതം
സാറാ മുഹമ്മദ്
നെടുമങ്ങാട്: കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ നെടുമങ്ങാട് ആര്‍.എസ്.എസ് -ബി.ജെ.പിനടത്തിയ ആക്രമണം ആസൂത്രിതം. ഇതിന്റെ ഭാഗമാണ് ഇന്നലെ നഗരത്തിലും സമീപ പ്രദേശങ്ങളിലും നടന്ന ആക്രമണം. പൊലിസുകാരെ ആക്രമിക്കുകയും പൊലിസ് സ്റ്റേഷനിലേക്ക് ബോംബ് എറിയുകയും ചെയ്തത് ഇതിന്റെ തെളിവാണ്. യുവതികള്‍ ശബരിമലയിലെത്തിയ ദിവസം നെടുമങ്ങാട് പൊതുവെ ശാന്തമായിരുന്നു. പക്ഷെ അന്ന് വാളിക്കോട് പുതുതായി നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി ജി. സുധാകരന്‍ എത്തുമ്പോള്‍ തടയാനും അത് വഴി സംഘര്‍ഷം ഉണ്ടാക്കാനും നീക്കം നടന്നിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മന്ത്രി എത്തിയില്ല. ഇതിനു ശേഷം രാത്രിയോടെ ആരംഭിച്ച ആക്രമണമാണ് വ്യാഴാഴ്ചയോടെ വ്യാപകമായത്.ബുധനാഴ്ച രാവിലെ പതിനൊന്നിന് ശബരിമല വിഷയത്തില്‍ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ നെടുമങ്ങാട് പൊന്നറ പാര്‍ക്കിന് സമീപം സ്ഥാപിച്ചിരുന്ന വനിതാ മതിലിന്റെ പ്രചരണ ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തു. വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിക്കു സമീപം കുറക്കോട് ജങ്ഷനില്‍ പാര്‍ട്ടിയുടേയും ഡിവൈ.എഫ്.ഐ യുടെയും കൊടി മരം പിഴിതിടുകയും പതാക കത്തിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ നെടുമങ്ങാട് മാര്‍ക്കറ്റിലെത്തി മത്സ്യപച്ചക്കറി കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം നഗരത്തില്‍ പ്രകടനം നടത്തുമ്പോള്‍ ബസ് സ്റ്റാന്‍ഡിന് സമീപം എന്‍.ജി.ഒ യൂനിയനും കെ.എസ്.ടി.എയും സ്ഥാപിച്ചിരുന്ന ബാനറും പ്രചാരണ സാമഗ്രികളും നശിപ്പിച്ചു.
തുടര്‍ന്ന് ആനാട് നടന്ന സംഘര്‍ഷം അന്ന്വേഷിക്കാനെത്തിയ എസ്.ഐ അടക്കമുള്ള പൊലിസുകാരെ ആക്രമിക്കുകയും വണ്ടി തകര്‍ക്കുകയും ചെയ്തു. ഇതില്‍ പിടിയിലായ രണ്ടു പ്രവര്‍ത്തകരെ രക്ഷിക്കാനെത്തിയ മറ്റു ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലേക്ക് ബോംബ് എറിയുകയായിരുന്നു. തുടര്‍ന്ന് വളരെ ആസൂത്രിതമായി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്ക് നേരെ ആയി ആക്രമണം. ഇതിനു മറുപടിയായി സി.പി.എം രംഗത്തിറങ്ങിയതോടെ നിരവധി വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി.
നെടുമങ്ങാട് കേന്ദ്രീകരിച്ച് ബോംബും മാരകായുധങ്ങളുമായി ആര്‍.എസ്.എസ്-ബി.ജെ.പിപ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നതായി പൊലിസ് രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."