നടിയെ തട്ടിക്കൊണ്ടുപോകല്‍: പ്രതികള്‍ രക്ഷപ്പെട്ടതിനുപിന്നില്‍ പൊലിസിന്റെ പിടിപ്പുകേട്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ രക്ഷപ്പെട്ടതിനുപിന്നില്‍ പൊലിസിന്റെ പിടിപ്പുകേടെന്ന് ആരോപണം.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ അക്രമത്തിനിരയായ നടി സംവിധായകന്‍ ലാലിന്റെ വീട്ടില്‍ അഭയംതേടിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ലാല്‍ ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പി.ടി തോമസ് എം.എല്‍.എയാണ് നടി അക്രമത്തിനിരയായത് ഐ.ജിയെ അറിയിച്ചത്. തുടര്‍ന്ന് ഐ.ജിയുടെ നിര്‍ദേശപ്രകാരം ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ലാലിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ആരായുകയായിരുന്നു. മൊഴിയെടുത്ത വനിതാ സി.ഐയോട് തന്റെ മുന്‍ഡ്രൈവറായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി അക്രമിസംഘത്തിലുണ്ടായിരുന്നെന്നും ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയിരുന്നതായും മൊഴിനല്‍കിയിരുന്നു.
എന്നാല്‍, പൊലിസ് പള്‍സര്‍ സുനിയുടെ ടെലിഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലാലിന്റെ വീട്ടില്‍വച്ച് നിര്‍മാതാവ് ആന്റോ ജോസഫ് സുനിയെ വിളിച്ചതും രക്ഷപ്പെടാന്‍ വഴിയൊരുക്കി.
ആന്റോ ജോസഫ് വിളിച്ചയുടന്‍ സുനി ഫോണ്‍ എടുത്തെങ്കിലും അസി.കമ്മിഷണര്‍ക്ക് ഫോണ്‍ കൈമാറിയയുടന്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതേത്തുടര്‍ന്ന് ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമവും പരാജയപ്പെട്ടു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എ.ഡി.ജി.പി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായി പ്രത്യേക സംഘത്തെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടും സംഭവത്തിന്റെ മുഖ്യസൂത്രധാരനായ സുനിയും മറ്റ് പ്രതികളായ മണികണ്ഠനും വിജീഷും നഗരത്തില്‍തന്നെ വിലസിനടന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് അഭിഭാഷകരായ ഇ.സി പൗലോസ്, റാഫേല്‍ എന്നിവരെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കുകയുണ്ടായി.
വെള്ള നിറത്തിലുള്ള ഒരു മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ആവശ്യമായ രേഖകളും കൈമാറിയതായി അഡ്വ.ഇ.സി പൗലോസ് വെളിപ്പെടുത്തി.
കുറ്റവാളികളെ ഉടന്‍ പിടികൂടണം: തമിഴ് താരസംഘടന
ചെന്നൈ: യുവനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് തമിഴ് താരസംഘടനയായ നടികര്‍ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സംഘടന കത്തയച്ചു.
തട്ടിക്കൊണ്ടുപോകലിനും അപമാനത്തിനും ഇരയായ നടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാ ലോകവും രംഗത്തെത്തി. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും തെന്നിന്ത്യന്‍ താരങ്ങളായ വിശാല്‍, സാമന്ത, സിദ്ധാര്‍ഥ് എന്നിവരും ട്വിറ്ററിലൂടെ നടിക്ക് പിന്തുണ പ്രഖ്യാപിച്ചു. നടിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്ന് വിശാല്‍ പറഞ്ഞു. മുഴുവന്‍ സിനിമാ ലോകവും നടിക്കൊപ്പമുണ്ട്. ഒരു സെലിബ്രിറ്റിക്ക് ഇത്തരമൊരു അപകടമുണ്ടാവുകയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
നിയമനടപടി സ്വീകരിക്കും:
ആന്റോ ജോസഫ്
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തനിക്കെതിരേ ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. വസ്തുതകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ്. സംഭവം അറിഞ്ഞയുടന്‍ ലാലിന്റെ വീട്ടില്‍ പി.ടി തോമസ് എം.എല്‍.എയോടൊപ്പം എത്തിയിരുന്നു.
നടി അപ്പോള്‍ സംഭവം പൊലിസിനോട് വിശദീകരിക്കുകയായിരുന്നു. അവിടെ മാര്‍ട്ടിന്‍ എന്ന ഡ്രൈവറും ഉണ്ടായിരുന്നു. മാര്‍ട്ടിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് എം.എല്‍.എയാണ് പള്‍സര്‍ സുനിയുടെ നമ്പര്‍ വാങ്ങിക്കുന്നതും തന്റെ മൊബൈലില്‍ നിന്ന് വിളിക്കുന്നതും. രണ്ടുതവണ സുനിയെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് തിരിച്ചുവിളിച്ച് ഫോണ്‍ കട്ട് ചെയ്തതായും ആന്റോ ജോസഫ് പറഞ്ഞു.
ആന്റോ ജോസഫ് തന്റെയും എ.സി.പിയുടെയും ലാലിന്റെയും സാന്നിധ്യത്തിലാണ് സുനിയുടെ നമ്പറിലേക്ക് വിളിച്ചതെന്ന് പി.ടി തോമസ് എം.എല്‍.എയും വ്യക്തമാക്കി. പ്രതി പള്‍സര്‍ സുനിക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയത് ആന്റോ ജോസഫ് ആണെന്നാണ് ആരോപണമുയര്‍ന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."