സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി. ശങ്കര്‍ റെഡ്ഡിയെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതിനെതിരേ വിജിലന്‍സ് നടത്തുന്ന പ്രാഥമികാന്വേഷണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ വിജിലന്‍സിന് എന്ത് അധികാരമാണുള്ളത്.
മന്ത്രിസഭാ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സിന് അധികാരം നല്‍കിയാല്‍ കേരളം വിജിലന്‍സ് രാജിലേക്ക് നീങ്ങും. ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിജിലന്‍സിനോട് വിശദീകരണം തേടിയിരുന്നു. ഇതനുസരിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചില ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം അനുവദിച്ചെങ്കിലും ശങ്കര്‍ റെഡ്ഡിക്ക് പ്രൊമോഷന്‍ നല്‍കിയതിനെ മാത്രമേ വിജിലന്‍സ് കോടതിയിലെ പരാതിക്കാരന്‍ എതിര്‍ക്കുന്നുള്ളൂ. മറ്റുള്ള സ്ഥാനക്കയറ്റങ്ങളെ എതിര്‍ക്കാത്തതെന്തെന്ന് വ്യക്തമല്ല. ഇതുതന്നെ പരാതിക്കാരന്റെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിയമവും ചട്ടവും പാലിച്ച് സ്ഥാനക്കയറ്റം നല്‍കുകയെന്നത് സര്‍ക്കാരിന്റെ സവിശേഷാധികാരത്തില്‍ ഉള്‍പ്പെട്ടതാണ്. സര്‍ക്കാര്‍ നടത്തിയ നിയമനത്തിന്റെ നിയമസാധുതയെ ചോദ്യംചെയ്യുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വിനോദ് ഹൈക്കോടതിയില്‍ നല്‍കിയത്. ഇത്തരമൊരു അധികാരം വിജിലന്‍സ് ഉദ്യോഗസ്ഥനില്ല. മാത്രമല്ല, സര്‍ക്കാരിന്റെ ഭരണകാര്യങ്ങളും ഭരണപരമായ തീരുമാനങ്ങളും ചോദ്യംചെയ്യാനോ അന്വേഷിക്കാനോ വിജിലന്‍സിന് അധികാരമില്ല. സര്‍ക്കാരിനെ ഭരിക്കാന്‍ കേരളത്തിലെ വിജിലന്‍സിനെ അനുവദിക്കണമോയെന്ന കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെ ചിന്തിച്ച് തീരുമാനിക്കണം. ശങ്കര്‍ റെഡ്ഡിയുടെ കേസില്‍ വിജിലന്‍സ് കോടതിക്കും തെറ്റുപറ്റിയിട്ടുണ്ട്. വിവേകമില്ലാതെ പ്രാഥമികാന്വേഷണത്തിനും വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഹൈക്കോടതിക്ക് മുന്നിലെത്തുന്നുണ്ട്. ഇത്തരത്തില്‍ വിജിലന്‍സ് കോടതികള്‍ നടപടി സ്വീകരിക്കുന്നത് പ്രത്യാഘാതത്തിന് വഴിയൊരുക്കും. ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഹരജി തീര്‍പ്പാക്കുന്ന ഘട്ടത്തില്‍ പറയാം. അപരിഹാര്യമായ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുംമുന്‍പ് നീതിനിര്‍വഹണത്തിലെ തെറ്റ് തിരുത്തേണ്ടതുള്ളതിനാലാണ് ഇടക്കാല ഉത്തരവ് നല്‍കുന്നത്. വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതി നിര്‍ദേശിച്ചപ്രകാരമുള്ള ശരിയായ റിപ്പോര്‍ട്ട് നല്‍കണം. ഈ ഹരജിയില്‍ ഫെബ്രുവരി ഒന്നിന് ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവിന്റെ അന്തസത്തയും ലക്ഷ്യവും വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് മനസിലായിട്ടില്ല. മുന്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥാനക്കയറ്റങ്ങള്‍ മന്ത്രിസഭായോഗ തീരുമാനമായിരുന്നതിനാല്‍ ഈ സര്‍ക്കാരും അതേപടി അംഗീകരിക്കുകയാണെന്നും നാല് പൊലിസ് ഉദ്യോഗസ്ഥരുടെയും സ്ഥാനക്കയറ്റം നിലനിര്‍ത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. എങ്കിലും ഹരജിയിലെ അന്തിമ തീര്‍പ്പിനുള്ള രേഖകള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഇതു രേഖാമൂലം അറിയിക്കണം. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ നിയമസാധുതയും ഔചിത്യവും തീരുമാനിക്കാന്‍ വിജിലന്‍സ് കോടതി പുറപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. അഴിമതിനിരോധന നിയമപ്രകാരം സ്ഥാപിച്ചിട്ടുള്ള വിജിലന്‍സ് കോടതികളുടെ പരിധിയില്‍ വരുന്ന വിഷയമല്ലിത്.
ഇക്കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനിക്കാന്‍ ഉചിതമായ ഫോറങ്ങള്‍ വേറെയുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."