കിഴക്കന്‍ മേഖലയില്‍ യുവാക്കള്‍ പുഴമീനിനു പിന്നാലെ
കൂത്താട്ടുകുളം: മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും ചൂണ്ടയുമായി പുഴമീനെ ഉന്നംവച്ച് വെള്ളത്തിലേക്ക് നോക്കി മണിക്കൂറുകളോളം കുത്തിയിരിക്കുന്ന കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെയുള്ളവര്‍ക്ക് ഒരാഗ്രഹമേയുള്ളു ഇന്ന് പുഴമീന്‍ കൂട്ടി ഉണ്ണണം. ഇന്നിനി ഒന്നും കിട്ടില്ലെന്നു കരുതി വീട്ടില്‍ പോകാന്‍ തുടങ്ങുമ്പോഴായിരിക്കും അടുത്തിരിക്കുന്ന കൂട്ടുകാര്‍ക്ക് പത്തോ പതിനഞ്ചോ കിലോ തൂക്കം വരുന്ന ഒറ്റമീന്‍ കിട്ടുക. പിന്നെയും ചൂണ്ടയുമായുള്ള കാത്തിരിപ്പ്. പിറവം പാലം മുതല്‍ താഴോട്ട് കളമ്പൂര്‍ പാലം, ചെറുകര പാലം വരെയുള്ള ഭാഗങ്ങളിലാണ് ആളുകള്‍ വിനോദത്തിനായി ചൂണ്ടയുമായി എത്തുന്നത്.
പണ്ട് ഒരു രൂപയ്ക്ക് കിട്ടുന്ന ചൂണ്ടയും നൂലും, തൊടിയിലെ മുളങ്കോലുമെല്ലാം കാലത്തിനു വഴിമാറി. ആയിരം മുതല്‍ പതിനായിരത്തിനു മുകളില്‍ വിലവരുന്ന ചൂണ്ടകളുമായാണ് മിക്കവരും പുഴയോരത്തേക്ക് എത്തുന്നത്. സസ്യഭുക്ക് മത്സ്യങ്ങളായ ചെമ്പന്‍ കുയില്‍ ,വെളള കുയില്‍, കട്‌ല തുടങ്ങിയവയ്ക്കായി മൈദയില്‍ പരിപ്പ്, പെരുഞ്ചീരകം, തുടങ്ങി ആറാളം ധാന്യങ്ങള്‍ പൊടിച്ചു ചേര്‍ത്താണ് ഇര തയാറാക്കുന്നത്.
കോഴി വേസ്റ്റ് ഉള്‍പ്പെടെ ചേര്‍ത്തുണ്ടാക്കുന്ന ഇരയില്‍, മഞ്ഞക്കൂരി വാള എന്നിവയാണ് കുടുങ്ങുക. പുല്ലന്‍, കരിമീന്‍ ,റോഗ്, മൃഗാള്‍ തുടങ്ങിയ വിവിധ ഇനം മീനുകളും ഇവിടെയുണ്ട്. പന്ത്രണ്ട് കിലോ വരെ തൂക്കം വരുന്ന കുയില്‍ ഇനത്തിന് കിലോക്ക് 200 രൂപക്ക് മുകളിലാണ് വില.
പുഴയുടെ ഒഴുക്കും ആഴവും, മീനിന്റെ നീക്കവും അറിയുന്നവര്‍ക്ക് ഭാഗ്യം കൂടി തുണച്ചാല്‍ മീന്‍ ഉറപ്പ്. മൂവാറ്റുപുഴയാര്‍ മത്സ്യസമൃദ്ധമാക്കാന്‍ ജില്ലാ പഞ്ചായത്തും മറ്റ് സംഘടനകളും ഇട്ട മത്സ്യങ്ങളും, നാടന്‍ ഇനങ്ങളുമാണ് ഏറെയും ചൂണ്ടയില്‍ കുടങ്ങുന്നത്.
ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ഇതരനഗരങ്ങളില്‍ നിന്നും യുവാക്കളുടെ സംഘം വിനോദത്താനായി ചൂണ്ടയിടാന്‍ എത്താറുണ്ട്. പുഴയിലെ ചുഴികളും കുഴികളും അറിയാതെ അപകടത്തില്‍ പെടുന്നവരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."