HOME
DETAILS
MAL
കേരള ചരിത്ര കോണ്‍ഗ്രസ് ഇന്ന് സമാപിക്കും; പൗരത്വം മതാധിഷ്ഠിതമാകരുത്: വര്‍ഗീസ് കെ. ജോര്‍ജ്
backup
January 11 2020 | 03:01 AM
കോട്ടയം: ആദിമകാലം മുതല്‍ മതേതര രാഷ്ട്രമായ ഇന്ത്യയിലെ പൗരത്വം മതാധിഷ്ഠിതമാകരുതെന്ന് പ്രമുഖ മാധ്യമപ്രവര്ത്തകന് വര്‍ഗീസ് കെ. ജോര്‍ജ്. കേരള ചരിത്ര കോണ്‍ഗ്രസിന്റെ പ്രത്യേക സെഷനില്‍ 'മതേതരത്വവും പൗരത്വവും'എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിഗത സ്വത്വത്തെ ബോധ്യപ്പെടുത്താന്‍ കേവല മതചിന്തകളോ രേഖകളോ ഉപയോഗിച്ചാല്‍ ഇന്ത്യയും മതരാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് കൂപ്പുകുത്തും. ഇത് ഇന്ത്യയുടെ തനതു മതേതര സ്വഭാവത്തിന് ഹാനികരമാകും.
ഹൈന്ദവ സാംസ്കാരിക ദേശീയത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല. പൗരാണികമായി ഇന്ത്യ ബഹുസ്വരതയുടെ ജന്മഗൃഹമാണ്. വ്യത്യസ്ത ജാതി-മത-വര്‍ണ-വര്‍ഗ-ഭാഷ-ലിംഗങ്ങളെ ഉള്‍ക്കൊള്ളാനുള്ള ആത്മീയ കരുത്ത് ഇന്ത്യന്‍ സംസ്കൃതിക്കുണ്ട്. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന ഘടകങ്ങളെ തിരിച്ചറിയുകയും മതാന്തര വൈരം വളര്‍ത്തുന്നവരെ ഒറ്റപ്പെടുത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വര്‍ഗീസ് കെ. ജോര്‍ജ് പറഞ്ഞു. കേരള ചരിത്ര കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്മാന് പ്രൊഫ. എം.എച്ച് ഇല്ല്യാസ് മോഡറേറ്ററായിരുന്നു.
ചരിത്ര കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. മഹാത്മാഗാന്ധിയെ കുറിച്ചുള്ള പ്രത്യേക സെഷനില്‍ പ്രൊഫ. രാകേഷ് ബദാബ്യാല്, പ്രൊഫ.അബ്ദുല്‍റസാഖ്, ഡോ.രേഖരാജ് എന്നിവരും കേരള ചരിത്രവും സമകാലിക കേരളവും എന്ന വിഷയത്തില്‍ ഡോ.കെ.എന്‍ ഗണേഷ്, ഡോ.ടി.ടി ശ്രീകുമാര്‍, ഡോ.കെ.എസ് മഹാദേവന് എന്നിവരും പ്രബന്ധാവതരണം നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ.സി.ടി അരവിന്ദകുമാര്‍ മുഖ്യാതിഥിയാകും. പ്രൊഫ.രാകേഷ് ബട്ടബ്യാല് മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."