പൊലിസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നു
സ്വന്തം ലേഖകന്‍
കൊല്ലം: കേരളത്തിലെ പൊലിസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡി.ജി.പി പുറപ്പെടുവിച്ചിട്ടും സേനാംഗങ്ങളുടെ ആത്മഹത്യക്ക് കുറവില്ല. കൊല്ലം എഴുകോണ്‍ പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ സ്റ്റാലിനാണ് പൊലിസ് സേനയിലെ ആത്മഹത്യയുടെ അവസാന ഇര.
കുണ്ടറക്ക് സമീപം പുതിയ വീട് വാങ്ങിയതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളും വിഷാദവും സ്റ്റാലിനെ അലട്ടിയിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ആരോടും അധികം സംസാരിക്കാതെ ഒതുങ്ങിക്കഴിയുകയായിരുന്നു സ്റ്റാലിന്‍. സ്ഥിരമായി മദ്യപിച്ചിരുന്നതിനാല്‍ ഈയിടെ ലഹരി വിമുക്ത ചികിത്സയ്ക്കും വിധേയനായിരുന്നു. എന്നാല്‍ ആത്മഹത്യക്ക് കാരണമുള്ള മാനസികപ്രയാസം ഉണ്ടാകുമെന്ന് സഹപ്രവര്‍ത്തകര്‍ കരുതിയില്ല.
കേരള പൊലിസില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 68 പൊലിസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അന്‍പതോളം പൊലിസുകാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. ഇതുസംബന്ധിച്ച് നിയമസഭയില്‍ സര്‍ക്കാര്‍ കണക്കുകളും വ്യക്തമാക്കിയിരുന്നു.
ജോലി സമ്മര്‍ദവും മാനസിക പിരിമുറുക്കവുമാണ് വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ക്ക് കാരണമായി വിലയിരുത്തുന്നത്. തൃശൂര്‍ പൊലിസ് അക്കാദമിയിലെ എസ്.ഐ കട്ടപ്പന വാരവഴ സ്വദേശി കെ. അനില്‍കുമാര്‍ ജീവനൊടുക്കിയത് അടുത്തിടെയാണ്. ഒരുമാസത്തെ ഇടവേളയില്‍ തൃശൂര്‍ അക്കാദമിയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ എസ്.ഐയായിരുന്നു അനില്‍കുമാര്‍. ഇക്കഴിഞ്ഞ നവംബര്‍ ആറിന് അക്കാദമിയിലെ മറ്റൊരു എസ്.ഐയായ തൃശൂര്‍ അയ്യന്തോള്‍ മാടത്തേരിയിലെ അനില്‍കുമാറും ജീവനൊടുക്കിയിരുന്നു.
മാനസിക സമ്മര്‍ദവും മേലുദ്യോഗസ്ഥരുടെ പീഡനവും താങ്ങാനാവാത്ത ജോലിഭാരവുമൊക്കെ ഇതില്‍ പലരുടേയും ആത്മഹത്യയ്ക്ക് കാരണമായി. കുടുംബപ്രശ്‌നങ്ങളും മറ്റുചില കാരണങ്ങളാലും ആത്മഹത്യ ചെയ്തവരുമുണ്ട്. സേനാംഗങ്ങളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ യോഗയും കൗണ്‍സിലിങ്ങും തുടരുമ്പോഴാണ് ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. യോഗയും കൗണ്‍സിലിങ്ങും അടക്കമുള്ള ഇത്തരം ശ്രമങ്ങളൊക്കെ വിജയിക്കുന്നില്ല എന്നതിന്റെ ഉദാഹരണങ്ങള്‍ കൂടിയാണ് പെരുകുന്ന ആത്മഹത്യാക്കണക്ക്.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം സേനാംഗങ്ങള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ ജില്ലയിലാണ് പൊലിസുകാരുടെ ആത്മഹത്യാ നിരക്ക് കൂടുതല്‍. എട്ട് പൊലിസ് സേനാംഗങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇവിടെ ജീവനൊടുക്കിയത്. ആലപ്പുഴയില്‍ അഞ്ചും എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ നാലുവീതം പൊലിസുകാരാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് പൊലിസുകാര്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പൊലിസ് സംഘടനകളുടെ യോഗം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിളിച്ചിരുന്നെങ്കിലും ഫലം ഉണ്ടായില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എഴുകോണ്‍ പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐയുടെ ആത്മഹത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."